സ്ത്രീകളെക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ ബാധിക്കുക പുരുഷന്‍മാരെയാണ്. എന്നാല്‍ അവര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുക. പുരുഷന്‍മാര്‍ക്ക് പനിയുണ്ടായാല്‍ അത് ലോകം അറിയും എന്നത് ശരിയാണ്. കാരണം പനി അതിന്റെ പരിധിവിട്ടാല്‍ മാത്രമേ അവര്‍ ഡോക്ടര്‍മാരെ സമീപിക്കുകയുള്ളൂ. അതിനുമുന്‍പ് ചില പൊടിക്കൈകളും, മറ്റും പരീക്ഷിച്ച് നോക്കി പനി മാറ്റാന്‍ ശ്രമിക്കും.

ഇത് ഏറെ ഗൗരവമുള്ള പ്രശ്‌നമാണ്. കാരണം എന്ത് രോഗവും സ്ത്രീകളെക്കാള്‍ രണ്ടുമടങ്ങ് കൂടുതല്‍ ബാധിക്കുക പുരുഷന്‍മാരെയാണ്. 75 വയസിന് മുന്‍പ് മരിക്കാനുള്ള സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലുമാണെന്നാണ് പുരുഷ ആരോഗ്യ വിദഗ്ധന്‍ ആന്‍ഡ്ര്യൂ വോക്കര്‍ പറയുന്നത്. രോഗം വന്ന എത്രത്തോളം നേരത്തെ ഡോക്ടറെ സമീപിക്കുന്നോ അത്രത്തോളം റിസ്‌ക് കുറയുകയും ചെയ്യും. പുരുഷന്‍മാരില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളിതാ.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്‍മാരില്‍ ഏറെ സാധാരണമായ ക്യാന്‍സറാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 35,000 പുതിയ കേസുകളാണുണ്ടാവുന്നത്. പുരുഷന്‍മാരില്‍ 14ല്‍ ഒരാള്‍ക്ക് ഈ രോഗം പിടപെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. .

മൂത്രം പോകാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകുക, മൂത്രസഞ്ചി കാലിയാവുന്നില്ലെന്ന തോന്നല്‍, ബാക്ക് പെയ്ന്‍, മൂത്രത്തിലോ, സെമനിലോ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇത്തരം രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് മലാശയവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കും, രക്തപരിശോധനയ്ക്കും വിധേയനാവുക.

വൃഷണക്യാന്‍സര്‍
35 വയസിനു താഴെയുള്ള പുരുഷന്‍മാരില്‍ കാണുന്ന ക്യാന്‍സറാണിത്. വര്‍ഷം ഏതാണ്ട് 2,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ എളുപ്പം ചികിത്സിച്ചുമാറ്റാന്‍ പറ്റുന്ന ക്യാന്‍സറാണിത്. വൃഷണത്തിന്റെ മുന്‍ഭാഗവും ലംബ്‌സും വീങ്ങുക, കടുത്ത വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കണ്ട് രോഗമുണ്ടോയെന്ന് പരിശോധിക്കണം. കുടുംബത്തിലാര്‍ക്കെങ്കിലും ഈ രോഗമുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ടൈപ്പ് 2 ഡയബെറ്റിസ്
തങ്ങള്‍ക്ക് ടൈപ്പ് 2 ഡയബെറ്റിസ് ഉണ്ടെന്ന് തിരിച്ചറിയാത്ത 1 ലക്ഷത്തിലധികം ആളുകളുണ്ട്. സ്ഥിരമായ ദാഹം, മൂത്രം നന്നായി പോകുക, ക്ഷീണവും ഭാരക്കുറവും എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രക്തപരിശോധന നടത്തി ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്താം. നിങ്ങള്‍ 40 വയസിനുമുകളിലുള്ളയാളും, കുടുംബത്തിലാര്‍ക്കെങ്കിലും രോഗമുണ്ടെങ്കിലും, പെട്ടെന്ന് തന്നെ പരിശോധന നടത്തേണ്ടതാണ്.

ഉദരാശയ ക്യാന്‍സര്‍

വര്‍ഷത്തില്‍ 20,000ത്തോളം ഉദരാശയ ക്യാന്‍സറുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലത്തില്‍ രക്തത്തിന്റെ അംശം കാണുക, വയറ് മൃദുവായി തോന്നുക, ഭാരം നഷ്ടം എന്നിവയാണ് ഉദരാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍.മലപരിശോധനയിലൂടെ ഈ രോഗം മനസിലാക്കാം.

ഡിപ്രഷന്‍: പുരുഷന്‍മാരില്‍ സാധാരണകാണുന്ന മറ്റൊരു രോഗമാണ് ഡിപ്രഷന്‍. 45 വയിസിന് താഴെയുള്ള പുരുഷന്‍മാരില്‍ മരണനിരക്ക് കൂടാനുള്ള പ്രധാന കാരണമാണ് ഡിപ്രഷന്‍. ഉറക്കമില്ലായ്മ, പ്രതീക്ഷയില്ലായ്മ, എപ്പോഴും ദുഃഖിച്ചിരിക്കുക എന്നിവ ലക്ഷണങ്ങളാണ്.