കാലിഫോര്‍ണിയ: അട്ടിമറി വിജയങ്ങളിലൂടെ എ ടി പി മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന്റെ പ്രിക്വാര്‍ട്ടറിലെത്തിയ ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ ലോക ഒന്നാം നമ്പര്‍ താരം നദാലിനെ ചെറുതായൊന്ന് വിറപ്പിച്ചു. പക്ഷേ, നദാലിനു മുന്നില്‍ അട്ടിമറികള്‍ ആവര്‍ത്തിക്കാന്‍ സോംദേവിന് കഴിഞ്ഞില്ല. 7 – 5, 6 – 4 നു നദാല്‍ സോംദേവിനെ പരാജയപ്പെടുത്തി.

മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും ജയിച്ച പരിചയമില്ലാതെയാണ് സോംദേവ് ഇന്ത്യന്‍ വെല്‍സിലെത്തിയത്. എന്നാല്‍ ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാറിനോയെയും രണ്ടാം റൗണ്ടില്‍ ലോക 22ാം നമ്പര്‍ താരം സൈപ്രസ്സിന്റെ മാര്‍ക്കോസ് ബാഗ്ദാത്തിസിനെയും സോംദേവ് തകര്‍ത്തിരുന്നു.

ലോക റാങ്കിങ്ങില്‍ 84ാം സ്ഥാനത്തുള്ള സോംദേവിന് ആദ്യമായാണ് നദാലിനെ നേരിടാന്‍ അവസരം കിട്ടിയത്. അമേരിക്കയുടെ റയാന്‍ സ്വീറ്റിങ്ങിനെ 63, 61ന് പരാജയപ്പെടുത്തിയാണ് നദാല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.