ക്വാലാലം പൂര്‍: പരിക്കില്‍ നിന്നും മോചിതനായി ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ സോംദേവ് വര്‍മ്മന് വിജയതുടക്കം. മലേഷ്യന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ക്വാളിഫൈയിംഗ് റൗണ്ടുകള്‍ പിന്നിട്ടെത്തിയ റഷ്യയുടെ മിഖായേല്‍ ലഡോവിസ്‌ക്കിയയെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6(5), 6-4

റാങ്കിങ്ങില്‍ സോംദേവിനെക്കാളും ഏറെ പിന്നിലുള്ള റഷ്യന്‍ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് ട്രൈബ്രേക്കറിനൊടുവിലാണ് സോംദേവ് നേടിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സോംദേവ് അധികം വിയര്‍പ്പൊഴുക്കാതെ സെറ്റും ഗെയിമും സ്വന്തമാക്കി.

രണ്ടാം റൗണ്ടില്‍ എണ്‍പത്തി ഒന്‍പതാം റാങ്കുകാരനായ സോംദേവ് തന്നെക്കാള്‍ 29സ്ഥാനം മുന്നിലുള്ള  സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദാദിസുമായി ഏറ്റ് മുട്ടും. ഈ സീസണില്‍ നേരത്തെ രണ്ട് തവണ പരസ്പരം ഏറ്റ്മുട്ടിയപ്പോള്‍ വിജയം സോംദേവിനൊപ്പമായിരുന്നു. ആദ്യം ഇന്ത്യാന വെല്‍സിലും പിന്നീട് വാഷിഗ്ടണിലും നടന്ന മത്സരങ്ങളിലാണ് ഇന്ത്യന്‍ താരം വിജയം കണ്ടത്.

പരിക്കിനെ തുടര്‍ന്ന രണ്ടാഴ്ച ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്നതിന് ശേഷം സോംദേവ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്റാണിത്. ജപ്പാനെതിരായ ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് മത്സരത്തിനിടെയാണ ് സോദേവിന് തോളിന് പരിക്കേറ്റത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ രണ്ടാഴ്ച വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.

ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്നത് സോംദേവിന്റെ റാംങ്കിഗ് താഴാന്‍ ഇടയാക്കിയിരുന്നു. നിലവില്‍ എണ്‍പത്തി ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരമായ സോംദേവ്.