Categories

‘സോമു’ വിലൂടെ ഏഴാം സ്വര്‍ണം

ഗ്വാങ്ഷൂ: പതിനാറാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഏഴാംസ്വര്‍ണം കരസ്ഥമാക്കി. ടെന്നിസ് പുരുഷസിംഗിള്‍സില്‍ ഇന്ത്യയുടെ യുവതാരം സോംദേവ് ദേവ് വര്‍മനാണ് ചരിത്രനേട്ടം കൊയ്തത്. ഫൈനലില്‍ ഉസ്ബക്കിസ്താന്റെ ഡെന്നില്‍ ഇസ്തമിനെയാണ് സോമു തോല്‍പ്പിച്ചത്. സ്‌കോര്‍ 6-1,6-2. ഇതോടെ മെഡല്‍പട്ടികയില്‍ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി.

കഴിഞ്ഞദിവസം ഏഷ്യന്‍ ഗെയിംസ് ടെന്നിസ് ഡബിള്‍സില്‍ സോംദേവ് തന്റെ കൂട്ടാളിയായ സനംസിങ്ങുമൊത്ത് സ്വര്‍ണം നേടിയിരുന്നു. തുടര്‍ച്ചയായ മല്‍സരം സോംദേവിനെ കാര്യമായി ബാധിച്ചിരുന്നുവെന്നത് വ്യക്തമായിരുന്നു. ഇത് ആദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം ടെന്നിസ് സിംഗിള്‍സില്‍ സ്വര്‍ണം നേടുന്നത്.

ആദ്യ സെറ്റ് എളുപ്പത്തില്‍ നേടിയ സോംദേവിന് രണ്ടാംസെറ്റില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നു. ഇതോടെ ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി സോംദേവ്. ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും ഇല്ലാതെയായിരുന്നു ഇന്ത്യ ടെന്നിസ് മല്‍സരങ്ങള്‍ക്കിറങ്ങിയത്.

ലിയാന്‍ഡര്‍ പെയ്‌സിനുശേഷം ഇന്ത്യന്‍ കായിരംഗം കണ്ട ഏറ്റവും മികച്ച താരമാണ് താനെന്ന വാദത്തെ അടിവരയിടുന്നതായിരുന്നു സോംദേവിന്റെ നേട്ടം. രാജ്യത്തിനായി കളിക്കുമ്പോള്‍ സോംദേവ് പ്രകടിപ്പിക്കുന്ന അര്‍പ്പണബോധവും അധ്വാനവും ഈ താരത്തില്‍ നിന്നും രാജ്യം ഇനിയുമേറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.