മൊഗാദീഷു: സൊമാലിയയില്‍ പാര്‍ലമെന്റ് അംഗം അജ്ഞാതനായ തോക്കുധാരിയുടെ വെടിയേറ്റ് മരിച്ചു. പുതുതായി അധികാരമേറ്റ പാര്‍ലമെന്റിലെ അംഗമായ മുസ്തഫ ഹാജി മാലിമാണ് കൊല്ലപ്പെട്ടത്.

Ads By Google

തെക്കന്‍ വാബേരി ജില്ലയിലെ മോസ്‌കില്‍ നിന്ന് വൈകുന്നേരത്തെ പ്രാര്‍ഥനക്ക് ശേഷം പുറത്തേക്ക് വരുന്നതിനിടെ മാലിമിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മുന്‍ പ്രസിഡന്റ് ഷരീഫ് ഷെയ്ഖ് അഹമ്മദിന്റെ ഭാര്യാ പിതാവാണ് കൊല്ലപ്പെട്ട മാലിം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ക്രൂരത കൈമുതലാക്കിയ അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഉസ്മാന്‍ ജവാരി പറഞ്ഞു.

എന്നാല്‍ അല്‍ ഷബാബ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

1991ല്‍ പ്രസിഡന്റ് സിയാദ് ബാരെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മൊഗാദീഷുവിലെറെസ്‌റ്റോറന്റലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 18 പേരാണ് കൊല്ലപ്പെട്ടത്.

രാജ്യത്തിന്റെ സെന്‍ട്രല്‍ മേഖലയിലും തെക്കന്‍ പ്രദേശങ്ങളിലും സ്വാധീനമുള്ള അല്‍ ഷബാബ് തീവ്രവാദികള്‍ മൊഗാദീഷു ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി നിരന്തരം ഭീകരാക്രമണങ്ങള്‍ നടത്തിവരികയാണ്.