ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും വൈദ്യുതി എത്തിക്കുന്ന വിതരണ ശൃംഖലയിലെ തകരാര്‍ പരിഹരിച്ചതായി പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഉച്ചയോടെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയവും വ്യക്തമാക്കി.

Ads By Google

നോര്‍ത്തേണ്‍ ഗ്രിഡിലെ 90 ശതമാനവും ഈസ്‌റ്റേണ്‍ ഗ്രിഡിലെ 56 ശതമാനവും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. അവശ്യസര്‍വീസുകള്‍ക്കുള്ള വൈദ്യുതി വിതരണം ഇന്നലെ വൈകിട്ടോടെ പുനഃസ്ഥാപിച്ചിരുന്നു. തകരാര്‍ പരിഹരിക്കുന്നതോടെ കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതം ഇന്നു പൂര്‍ണമായും ലഭിക്കും.

വൈദ്യുതി വിതരണശൃംഖല തകര്‍ന്നതിനെതുടര്‍ന്ന് 22 സംസ്ഥാനങ്ങളാണ് ഇരുട്ടിലായത്. മൊത്തം 50,000 മെഗാവാട്ട് വൈദ്യുതി പ്രസരണശേഷിയുള്ള ഈ ഗ്രിഡുകള്‍ പണിമുടക്കിയതോടെ അതുമായി ബന്ധപ്പെട്ട എല്ലാ വൈദ്യുതിനിലയങ്ങളുടെയും പ്രവര്‍ത്തനം  അവതാളത്തിലായിരുന്നു. രാജ്യത്തിന്റെ പകുതിയിലേറേ പ്രദേശങ്ങളില്‍ ജനജീവിതം മണിക്കൂറുകളോളമാണ് താളംതെറ്റിയത്‌.

വിതരണശൃംഖലയിലെ തകരാറുമൂലം ഒമ്പത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണം തിങ്കളാഴ്ച മുടങ്ങിയിരുന്നു. അതിനു തുടര്‍ച്ചയെന്നോണം ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ ഗ്രിഡ് തകര്‍ച്ച 22 സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമാക്കി.

ഒഡിഷയിലെ തല്‍ച്ചാര്‍ നിലയത്തിന്റെ പ്രവര്‍ത്തനവും മുടങ്ങിയതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ സംസ്ഥാനങ്ങളിലേക്ക് അവിടെനിന്ന് ലഭിക്കേണ്ട വൈദ്യുതി നിലച്ചു. കേരളത്തിലേക്ക് ഏതാണ്ട് 620 മെഗാവാട്ട് വൈദ്യുതിയാണ് തല്‍ച്ചാറില്‍നിന്ന് ലഭിക്കുന്നത്.

വൈദ്യുതി കൂടുതല്‍ കിട്ടി തുടങ്ങുന്നതോടെ വൈകുന്നേരത്തോടെ ലോഡ്‌ഷെഡിങ്‌ പിന്‍വലിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വടക്ക് കിഴക്കന്‍ പവര്‍ ഗ്രിഡുകള്‍ തകരാറിലായതിനാല്‍ കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം മൂന്നിലൊന്നായി കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ മുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

താല്‍ച്ചര്‍ വൈദ്യുത നിലയിത്തിലെ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ കേരളത്തിന് വൈദ്യുതി ലഭിച്ചു തുടങ്ങിയത്. കേരളത്തിന് 685 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്ന താല്‍ച്ചര്‍, ഷോളാപ്പൂര്‍, ജഝര്‍, വെച്ചൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി നേരിട്ടതിനാലാണ് കേരളത്തിലേയ്ക്കുള്ള വൈദ്യുതി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത്.