എഡിറ്റര്‍
എഡിറ്റര്‍
നീതിക്കായി കൈകോര്‍ത്ത് കേരളം; മിഷേലിന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധ കൂട്ടായ്മകള്‍
എഡിറ്റര്‍
Tuesday 14th March 2017 10:59pm

കൊച്ചി: സി.എ വിദ്യാര്‍ത്ഥിനിയായ മിഷേലിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കൈകോര്‍ത്ത് സമൂഹം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.എ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

സംഭവത്തില്‍ മിഷേലിന്റെ കുടുംബത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് സി.എ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ജാഥയും സംഘടിപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന്നത്തുടനീളം പ്രകടനങ്ങള്‍ അരങ്ങേറുകയായിരുന്നു.

 

‘സോളിഡാരിറ്റി ടു മിഷേല്‍സ് ഫാമിലി’ എന്നെഴുതിയ ബാനറും കയ്യിലേന്തിയായിരുന്നു വിദ്യാര്‍ത്ഥികളും സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ളവരും കോഴിക്കോട് ബീച്ചിലെത്തിയത്. കേസില്‍ പൊലീസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്നും മിഷേലിന്റെ മരണത്തില്‍ കുടുംബത്തിനൊപ്പമുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത കനകക്കുന്ന് പാലസ് ഗ്രൗണ്ടിലും കൊച്ചി മറൈന്‍ഡ്രൈവിലുമായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. മിഷേലിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനായി കൂട്ടായ്മകളുമായി മുന്നോട്ട് പോവുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

അതേസമയം, മിഷേലിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പിറവം സ്വദേശി ക്രോണിന്‍ വ്യക്തമാക്കി. ഏതൊരു റിലേഷന്‍ഷിപ്പുകളിലും ഉണ്ടാകുന്ന സാധാരണ പ്രശ്നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നത്. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ തന്നോട് അവസാനമായി പറഞ്ഞത്. പീന്നീട് തന്നെ വിളിക്കാമെന്നും പറഞ്ഞിരുന്നു. പിന്നീട് വിളിച്ചു നോക്കിയപ്പോള്‍ മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ക്രോണിന്‍  പറഞ്ഞു.


Also Read:മലബാര്‍ ഗോള്‍ഡില്‍ പാകിസ്താന്‍ സ്വാതന്ത്രദിനം ആഘോഷിച്ചെന്ന പ്രചരണം നടത്തിയ മലയാളി യുവാവിന് രണ്ടര ലക്ഷം ദിര്‍ഹം പിഴ 


സിഎ വിദ്യാര്‍ത്ഥിനി ആയിരുന്ന മിഷേല്‍ ഷാജിയുടെ മൃതദേഹം മാര്‍ച്ച് ആറിന് വൈകുന്നേരത്തോടെയാണ് കൊച്ചി കായലില്‍ നിന്നു കണ്ടെത്തിയത്. തലേദിവസം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ പിന്നീട് കാണാതാവുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മിഷേസിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യ ചെയ്യത്തക്ക രീതിയിലുള്ള പ്രശ്നങ്ങള്‍ മിഷേലിന് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ച ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Advertisement