Administrator
Administrator
കിനാലൂര്‍ സമര മുന്നണിയില്‍ നിന്ന് സോളിഡാരിറ്റിയെ പുറത്താക്കി
Administrator
Saturday 23rd April 2011 12:39am

കോഴിക്കോട്: കിനാലൂര്‍ സമരത്തിനായി രൂപീകരിച്ച ജനകീയ ഐക്യവേദിയില്‍ നിന്ന് സോളിഡാരിറ്റിയെ പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ എളമരം കരീമിന് പിന്തുണ നല്‍കിയ ജമാഅത്തെ ഇസ്‌ലാമി നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

കിനാലൂര്‍ സമരത്തിന് കാരണമായ നാലുവരിപ്പാത കൊണ്ട് വരുന്നതിന് ശക്തമായി രംഗത്തുണ്ടായിരുന്ന മന്ത്രിയായിരുന്നു എളമരം കരീം. കിനാലൂരില്‍ വ്യവസായ പാര്‍ക്ക് വരുന്നുണ്ടെന്ന് പ്രചാരണം നടത്തിയായിരുന്നു എളമരത്തിന്റെ നേതൃത്വത്തില്‍ ഈ നീക്കം നടത്തിയത്. പദ്ധതിക്കെതിരെ പ്രദേശ വാസികള്‍ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കാനും എളമരം രംഗത്തുണ്ടായിരുന്നു. സ്ഥലത്ത് സര്‍വ്വെ നടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പോലീസ് അതിക്രമം നടത്തിയതോടെയാണ് കിനാലൂര്‍ ശ്രദ്ധാകേന്ദ്രമായത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എളമരം കരീം മത്സരിക്കുന്ന ബേപ്പൂരിലും സമരത്തിനിടെ ക്രൂരമായി മര്‍ദ്ദനമേറ്റവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിലകൊള്ളുന്ന എലത്തൂരിലും ഇടതുപക്ഷത്തെ പിന്തുണക്കരുതെന്ന് ജനകീയ ഐക്യവേദി സോളിഡാരിറ്റിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സമര നേതാവ് റഹ്മത്തുല്ല കിനാലൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ സോളിഡാരിറ്റി തയ്യാറായില്ല. എന്തുകൊണ്ടാണ് എളമരത്തെ പിന്തുണക്കുന്നതെന്ന് പരസ്യമായി പറയാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും വേട്ടക്കാര്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ് സോളിഡാരിറ്റിയുടെതെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

പദ്ധതിക്കെതിരെ ആദ്യമായി രൂപീകരിച്ച ജനജാഗ്രതാ സമിതി, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി എന്നിവര്‍ അടങ്ങിയതാണ് ജനകീയ ഐക്യവേദി. ഐക്യവേദിയെ യു.ഡി.എഫ് പാളയത്തില്‍ കെട്ടാനാണ് നീക്കം നടക്കുന്നതെന്ന സോളിഡാരിറ്റിയുടെ വാദം തെറ്റാണ്. സമരത്തിന്റെ ഇരകളെ ഇപ്പോളും പോലീസ് വേട്ടയാടിക്കൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ കരീമിന് പിന്തുണ കൊടുത്ത സോളിഡാരിറ്റിയെ ഐക്യവേദിയില്‍ നിന്ന് പുറത്താക്കിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement