വാഷിംഗ്ടണ്‍: ശാസ്ത്രസമൂഹത്തിന് ഏറെ ആശങ്ക സൃഷ്ടിച്ചേക്കാവുന്ന സൗര കൊടുങ്കാറ്റ് എന്ന പ്രതിഭാസത്തെ കരുതലോടെ വീക്ഷിക്കണമെന്ന് നിര്‍ദേശം. ശക്തമായ മുന്‍കരുതലെടുത്തില്ലെങ്കില്‍ ഭൂമിക്ക് വന്‍ അപകടം വരുത്താന്‍ ഈ പ്രതിഭാസത്തിന് കഴിഞ്ഞേക്കുമെന്നാണ് സൂചന.

സൂര്യന്റെ ഉപരിതലത്തില്‍ ചില പ്രത്യേക തരംഗങ്ങള്‍ സൃഷ്ടിക്കുന്ന അതിവേഗത്തിലുള്ള ചലനമാണ് ഈ പ്രതിഭാസത്തിന് കാരണം. ഉയര്‍ന്ന ചാര്‍ജ്ജുള്ള നിരവധി തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇത് അന്തരീക്ഷത്തിലേക്ക് ഉല്‍സര്‍ജ്ജനം ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള തരംഗങ്ങള്‍ ഭൂമിയിലെത്തിയാല്‍ അത് അപകടകരമായ പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

സാധാരണ ഫോണ്‍ബന്ധം മുതല്‍ പവര്‍ സ്റ്റേഷനുകള്‍ വരെ തകര്‍ക്കാന്‍ ഈ സൗര കൊടുങ്കാറ്റിന് സാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യന്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും മറ്റ് വസ്തുക്കളുമെല്ലാം ഈ സൗരകൊടുങ്കാറ്റില്‍പ്പെട്ട് ഇല്ലാതാകാന്‍ നിമിഷങ്ങള്‍ മതിയാകും. എന്നാല്‍ ഇത്തരമൊരു പ്രതിഭാസം സംജാതമാകാന്‍ വളരെ കുറഞ്ഞ സാധ്യതയേ ഉള്ളൂ എന്ന് സ്റ്റീഫന്‍ ലെച്ച്‌നര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്താവിനിമയ സംവിധാനവും ഉപഗ്രഹ സംവിധാനങ്ങളും എല്ലാം സൗരകൊടുങ്കാറ്റിനു ശേഷം തകിടം മറിയാന്‍ സാധ്യതയുണ്ട്. 1859ലായിരുന്നു ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്. എന്നാല്‍ അന്ന് പ്രതീക്ഷിച്ച അപകടമൊന്നും ഉണ്ടായിരുന്നില്ല.