എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ തട്ടിപ്പ് : ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
എഡിറ്റര്‍
Thursday 13th June 2013 10:33am

assembly

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. നിയമസഭയിലാണ് പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടത്.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Ads By Google

മുഖ്യമന്ത്രിയുടെ ഫോണ്‍ ദുരുപയോഗം ചെയ്തത് അദ്ദേഹത്തിന്റെ സന്തത സഹചാരിയാണെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തണം. ഇയാളെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്വേഷണം തൃപ്തകരമല്ലെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുതാര്യതയുടെ മുഖം വലിച്ചു കീറപ്പെട്ടു. മുഖ്യമന്ത്രിക്കു സംഭവത്തില്‍ പങ്കുളളതിനാലാണ് സ്റ്റാഫിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ഓഫിസില്‍ നിന്ന് ഫോണ്‍ ചോര്‍ന്നെന്ന ആരോപണം നിലവിലുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. സോളാര്‍ വിഷയത്തില്‍ വ്യാപകമായ തട്ടിപ്പ് നടന്നു. കുറ്റം തെളിഞ്ഞാല്‍ ആരെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സരിത പ്രതിയായ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും തൃപ്തികരമായ രീതിയില്‍ ആയിരിക്കും അന്വേഷണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നു സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുമായി ടെന്നി ജോപ്പന്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതിന്റെ തെളിവുകള്‍ പുറത്തായിരുന്നു.

Advertisement