എഡിറ്റര്‍
എഡിറ്റര്‍
രണ്ടായിരം ചതുരശ്ര അടിയുള്ള വീടുകള്‍ക്ക് സോളാര്‍ പാനല്‍ നിര്‍ബന്ധം: നയം മന്ത്രിസഭ അംഗീകരിച്ചു
എഡിറ്റര്‍
Thursday 21st November 2013 7:48am

solar

തിരുവനന്തപുരം: വീടുകള്‍ക്കും വന്‍കിട ഉപഭോക്താക്കള്‍ക്കും സൗരോര്‍ജം നിര്‍ബന്ധമാക്കികൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗരോര്‍ജനയത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

പുതിയതായി നിര്‍മ്മിക്കുന്ന 2000 മുതല്‍ 3000 വരെ ചതുരശ്രയടി വിസ്തീര്‍ണമുള്ള എല്ലാ വീടുകള്‍ക്കും 100 ലിറ്റര്‍ ശേഷിയുള്ള സോളാര്‍ വാട്ടര്‍ ഹീറ്ററും 500 വാട്ടിന്റെ സോളാര്‍ പാനലും സ്ഥാപിക്കണം. 3000 ചതുരശ്രയടിയ്ക്ക് മുകളിലുള്ള വീടുകളില്‍ ഇത് 100 ലിറ്ററും 10,000 വാട്ടും ആയിരിക്കണം.

സര്‍ക്കാര്‍ ഓഫീസുകളും ഘട്ടം ഘട്ടമായി സൗരോര്‍ജത്തിലേയ്ക്ക് മാറണം. സൗരോര്‍ജമേഖലയില്‍ സംസ്ഥാനത്തിന്റെ സ്ഥാപിതശേഷി 2017-ഓടെ 500 മെഗാവാട്ടും 2030-ഓടെ 2500 മെഗാവാട്ടും ആയി ഉയര്‍ത്തുന്നതും നയത്തിന്റെ ലക്ഷ്യമാണ്.

സൗരോര്‍ജത്തില്‍ അധിഷ്ഠിതമായ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കും. നിശ്ചിത സമയത്തിനുള്ളില്‍ പാനല്‍ സ്ഥാപിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കും.

റസിഡന്‍ഷ്യല്‍ ഫ് ളാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും ആകെ ഉപഭോഗത്തിന്റെ അഞ്ച് ശതമാനം സൗരോര്‍ജത്തില്‍ നിന്നാകണം. 50 കിലോവാട്ടില്‍ കൂടുതല്‍ കണക്റ്റഡ് ലോഡുള്ള സ്ഥാപനങ്ങളില്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെ ഉപയോഗം നിര്‍ബന്ധമാക്കും.

തെരുവുവിളക്കുകളില്‍ സൗരോര്‍ജം പ്രോത്സാഹിപ്പിക്കുന്ന പഞ്ചായത്തുകള്‍ക്കും ജനപ്രതിനിധികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും സൗരോര്‍ജം ഉല്‍പാദിപ്പിക്കാനുള്ള സൗകര്യം ചെയ്യുമെന്നും നയത്തില്‍ പറയുന്നു.

Advertisement