തിരുവനന്തപുരം: നട്ടുച്ചക്ക് ഇരുള്‍ പരന്നു, വാനം നിലാവ് മൂടിയ പോലെ, അന്തരീക്ഷം തണുത്തു, അധികം വൈകിയില്ല, മിനിട്ടുകള്‍ക്ക് ശേഷം ഇരുള്‍ നീങ്ങി. വീണ്ടും വെളിച്ചം വിതറി സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. ലോകം ആകാംക്ഷയോടെ അത് അനുഭവിച്ചറിഞ്ഞു. സൂര്യഗ്രഹണം കാണാന്‍ നാടും നഗരവും ഒരുങ്ങി നിന്നിരുന്നു. പ്രതീക്ഷിച്ച പോലെ ശാസ്ത്രജ്ഞരുടെ കണക്കുകള്‍ തെറ്റിക്കാതെ 1.15 ഓടെ സൂര്യനെ ഒരു മോതിര വളയമാക്കി ചന്ദ്രന്‍ നിഴലിട്ടു നിന്നു.

ആയിരം വര്‍ഷത്തെ കാത്തിരിപ്പു വേണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം 11 മിനിറ്റോളം നീണ്ടു. കേരളത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവും വ്യക്തമായി ഗ്രഹണം ദൃശ്യമായത്. കൊച്ചിയില്‍ മേഘം ഗ്രഹണ ദൃശ്യത്തെ മറച്ചു. രാവിലെ 11.06 ന് കന്യാകുമാരിയിലും തെക്കന്‍കേരളത്തിലും ദൃശ്യമായ ഗ്രഹണം ഉച്ചയ്ക്ക് ശേഷം 3.11 വരെ നീളും.

Subscribe Us:

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്ര വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യഗ്രഹണം നിരീക്ഷിക്കാനും പഠിക്കാനും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രകുതുകികളും ഗ്രഹണം നിരീക്ഷിച്ചു. ഇനി 1033 വര്‍ഷം കഴിഞ്ഞാലേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ദൃശ്യമാകൂവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു.

സൂര്യന് മുന്നിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നാണ് ഗ്രഹണമായി അനുഭവപ്പെടുന്നത്. ഗ്രഹണവേളയില്‍ സൂര്യനെ നേരിട്ട് നോക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എക്‌സ്‌റേ ഫിലിം, സണ്‍ഗ്ലാസ്, ദൂരദര്‍ശനി, ബൈനോക്കുലര്‍ മുതലായവ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കുന്നതും അപകടം വരുത്താം. ഇരുവശത്തും അലുമിനിയം പൂശിയ സോളാര്‍ ഫില്‍ട്ടര്‍ (മൈലാര്‍ ഫിലിം) ഉപയോഗിച്ച് സൂര്യനെ നോക്കുന്നതിന് പ്രശ്‌നമില്ല, പക്ഷേ അതും ദീര്‍ഘനേരം പാടില്ല.

എന്നാല്‍ ഗ്രഹണ സമയത്ത് സൂര്യന്‍ പ്രത്യേക അപകടമുള്ള വിഗിരണങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. ഗ്രഹണമല്ലാത്ത സമയത്ത് സൂര്യനെ നോക്കുന്നത് പോലുള്ള അപകടം മാത്രമേ ഗ്രഹണ സമയത്തുമുണ്ടാവുകയുള്ളൂ. എന്നാല്‍ ഗ്രഹണ സൂര്യനെ കാണാനായി ഏറെ നേരം നോക്കുന്നതാണ് കണ്ണിന് അപകടകരമെന്ന് പറയുന്നതെന്നും ഇവര്‍ പറയുന്നു.

ഇന്ത്യയില്‍ ധനുഷ്‌കോടിയിലാണ് വലിയ സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമായതെന്നാണ് ലഭ്യമാകുന്ന വിവരം. ആലപ്പുഴവരെ വലിയ സൂര്യഗ്രഹണം ദൃശ്യമായിരുന്നെങ്കിലും അവിടെ നിന്ന് വടക്കോട്ട് ഭാഗിക സൂര്യഗ്രഹണം മാത്രമാണ് ദൃശ്യമായത്. കൊച്ചിയിലും കോഴിക്കോട്ടും ഇത്തരത്തിലുള്ള സൂര്യഗ്രഹണമാണ് പ്രത്യക്ഷമായത്.