ദൈര്‍ഘ്യമേറിയ ഗ്രഹണം ഇനി 3003ല്‍

ബാംഗ്ലൂര്‍: ആയിരം വര്‍ഷത്തിനു ശേഷം സംഭവിക്കുന്ന ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന്‌ ലോകം സാക്ഷിയാകുന്നത്.  ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇനി 3003 വരെ കാത്തിരിക്കണം. പ്രകാശം പരത്തുന്ന സൂര്യനു നേര്‍ക്കുനേരായി ചന്ദ്രന്‍ എത്തുന്നതോടെ സൂര്യന്‍ മറയുന്നതാണ് ഗ്രഹണമായി അനുഭവപ്പെടുന്നത്. രാവിലെ 11.06 മുതല്‍ വൈകീട്ട് 3.06വരെയാണ് ഗ്രഹണ സമയം. ഇതില്‍ ചന്ദ്രന്‍ സൂര്യനെ ഏറെക്കുറെ പൂര്‍ണമായി മറക്കുന്ന സമയം ഉച്ചക്ക് 1.15 മുതല്‍ ഏഴ് സെക്കന്റാണ്. എന്നാല്‍ സൂര്യനെ പൂര്‍ണമായി മറക്കാന്‍ ചന്ദ്രന് കഴിയില്ല. ഈ സമയം ഒരു മോതിരത്തിന്റെ രൂപത്തിലായിരിക്കും സൂര്യന്‍ ദൃശ്യമാവുക.

കേരളത്തില്‍ തെക്കന്‍ ഭാഗത്താണ് ഗ്രഹണം ഏറ്റവും നന്നായി ദൃശ്യമാവുക. ഇവിടെ സൂര്യന്റെ 90 ശതമാനം ഭാഗവും ചന്ദ്രനാല്‍ മറക്കപ്പെടുന്നത് ദൃശ്യമാകും. വടക്കന്‍ ഭാഗത്ത് 85-90 ശതമാനം ഗ്രഹണം ദൃശ്യമാകും. കോഴിക്കോട് മേഖലാശാസ്ത്ര കേന്ദ്രത്തില്‍ ഗ്രഹണം ദൃശ്യമാകുന്നതിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജര്‍മന്‍ ടെലസ്‌കോപ്പിലൂടെ ഗ്രഹണം സൂക്ഷ്മമായി നിരീക്ഷിക്കാം. കൂടാതെ സോളാര്‍ കണ്ണടകളിലൂടെയും ഗ്രഹണം കാണാം. 4000ത്തോളം സോളാര്‍ കണ്ണടകളാണ് ഇതിനായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടുത്താനായി മേഖലാ ശാസ്ത്ര കേന്ദ്രത്തില്‍ പായസ വിതരണവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി എം എ ബേബി നാളെ കേന്ദ്രത്തിലെത്തുന്നുണ്ട്.

Subscribe Us: