എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍: അട്ടിമറിയുടെ ചരിത്രം പൂര്‍ണമായെന്ന് വി.എസ്
എഡിറ്റര്‍
Wednesday 13th November 2013 1:35pm

v.s-new2

തിരുവനന്തപുരം: സോളാര്‍ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ഗൂഡാലോചന നടത്തിയെന്നത് ഇപ്പോള്‍ പുറത്തുവന്ന മജിസ്‌ട്രേറ്റിന്റെ മൊഴിയിലൂടെ പൂര്‍ണമായി തെളിഞ്ഞിരിക്കുകയാണെന്ന്  പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ഇതിനുപിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കറുത്ത കൈകളാണെന്ന തന്റെ മുന്‍ ആരോപണം ശരിയാണെന്നും ഇതു തെളിയിക്കുന്നുണ്ട്.

സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി  മൊഴി നല്‍കിയിരുന്നു എന്നാണ് എറണാകുളം ACJM എന്‍. വി. രാജു ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്.

ബലാല്‍സംഗത്തിന് വിധേയമായ സ്ത്രീ വാക്കാല്‍ പരാതിപ്പെട്ടാല്‍ തന്നെ കേസെടുക്കണമെന്നാണ് ഇതുസംബന്ധിച്ച് അടുത്തയിടെ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുശാസിക്കുന്നത്.

നിയമ-നീതിനിര്‍വഹണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ബാധ്യതയുള്ള മജിസ്‌ട്രേറ്റ് അപ്പോള്‍തന്നെ അത് രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യേണ്ടതായിരുന്നു.

അത് ചെയ്തില്ല എന്നുമാത്രമല്ല, അവരുടെ മൊഴി പോലും രേഖപ്പെടുത്താതെ കൃത്യവിലോപം കാട്ടുകയാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ന്യായാധിപനും  കാണിക്കാത്തത്ര വിചിത്രവും കുറ്റകരവുമായ നടപടിയാണ് പ്രസ്തുത മജിസ്‌ട്രേറ്റ് കൈക്കൊണ്ടത്.

ഇത് അദ്ദേഹം ഏകപക്ഷീയമായി ചെയ്തതാണെന്ന് കരുതാന്‍ വയ്യ. കേസ് തന്നെഅട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ സ്വാധീനമുണ്ടായിട്ടുണ്ട്. നീതിപീഠത്തിലെ ഉന്നതര്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുകയാണ്.

ഭരണ-രാഷ്ട്രീയ രംഗത്തെ ഉന്നതരുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ഒക്കെ പേരുകള്‍ ആരോപിക്കപ്പെട്ട കേസിലാണ് പ്രതിയായ സരിതാ നായര്‍ ബലാത്‌സംഗം ചെയ്യപ്പെട്ടതായി മജിസ്‌ട്രേറ്റ് തന്നെ ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറോട് മൊഴി നല്‍കിയിരിക്കുന്നത്.

നമ്മുടെ നീതിനിര്‍വഹണ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതതും അത്യന്തം നാണക്കേടുണ്ടാക്കുന്നതുമായ സംഭവമാണിത്.

സരിതയ്ക്ക് പരാതി എഴുതി ക്കൊടുക്കാനുള്ള സൗകര്യം ചെയ്യാതെ തന്നെ അവരെ പത്തനംതിട്ട ജയിലില്‍ നിന്ന് തിടുക്കപ്പെട്ട് അട്ടക്കുളങ്ങളര ജയിലിലേക്ക് മാറ്റിയതും, അവിടെ സരിതയുടെ അമ്മയ്‌ക്കൊപ്പം അപരിചിതനായ ഒരാള്‍ സന്ദര്‍ശകനായി എത്തിയതും മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതുമൊക്കെ മജിസ്‌ട്രേറ്റിന്റെ മൊഴിയുമായി കൂട്ടിവായിക്കുമ്പോള്‍ സോളാര്‍ കേസ് അട്ടിമറിയുടെ ചരിത്രം പൂര്‍ണമാവുകയാണ്.

നിയമനിര്‍മാണ, ഭരണ നിര്‍വഹണ, നീതിനിര്‍വഹണ സംവിധാനങ്ങള്‍ ഒന്നടങ്കം കേരളത്തെ ഞെട്ടിച്ച ഒരു തട്ടിപ്പുകേസ് അട്ടിമറിക്കാനും പ്രതികളെ  രക്ഷപ്പെടുത്താനും ഗൂഢാലോചന നടത്തി എന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്.

ഇത്തരം കാര്യങ്ങളൊക്കെ മനസിലാക്കാനും ജനങ്ങളെ ബോധ്യപ്പെടു ത്താനും കഴിയുന്നത്ര വിദ്യാഭ്യാസം എനിക്കുണ്ട്.

എന്നെ നിയമം പഠിപ്പിക്കാന്‍ ബദ്ധപ്പെടുന്നവരാണ് ഇനി ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന യുക്തിസഹവും നിയമപരവുമായ നടപടി എടുക്കേണ്ടത്. അവര്‍ അത് ചെയ്യുമെന്നാണ് ഞാന്‍ ആശിക്കുന്നത്.

ഭരണാധികാരിയും ന്യായാധിപനുമടക്കം തട്ടിപ്പ് കേസ് അട്ടിമറിക്കാനും പീഡിപ്പിക്കപ്പെട്ട സ്ത്രീയെ രക്ഷിക്കാതിരിക്കാനും ശ്രമിച്ചു എന്ന് ബോധ്യപ്പെട്ട അത്യപൂര്‍വ്വ സാഹചര്യത്തില്‍ ഉന്നത നീതിപീഠം തന്നെ നേരിട്ട്  ഉചിതമായ അന്വേഷണം നടത്തണം.

മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ വിട്ടുപോയ കാര്യങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കണം. ‘നാളെ എന്നെപ്പറ്റി പരാതി ഉണ്ടാകരുത് എന്നുകരുതി ഞാന്‍ വളരെ ക്ഷമയോടുകൂടിയാണ് സരിത പറഞ്ഞത് കേട്ടത്’ എന്ന് മജിസ്‌ട്രേറ്റ് രാജു സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ അദ്ദേഹത്തിന്റെ മൊഴിയുടെ അഞ്ചാംപേജില്‍ പറയുന്നുണ്ട്.

അങ്ങനെ ക്ഷമയോടുകൂടി സരിത പറഞ്ഞത് കേട്ടതിനുശേഷം താന്‍ അതൊന്നും ശ്രദ്ധിച്ചില്ല എന്ന് മജിസ്‌ട്രേറ്റ് പറയുമ്പോള്‍ അദ്ദേഹം ഒരു സാദാ പ്രോസിക്യൂഷന്‍ സാക്ഷിയുടെ നിലവാരത്തിലേക്ക് പോയോ എന്ന സംശയവും ഉണര്‍ത്തുന്നുണ്ട്.

സരിതയുടെ മൊഴിയെടുക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനുശേഷമാണ് സര്‍ക്കാര്‍ കേസ് അട്ടിമറിക്ക് ശ്രമം തുടങ്ങിയത്.

ഇത് സബോര്‍ഡിനേറ്റ് ജുഡീഷ്യറിയ്‌ക്കെതിരായ കോടതിയലക്ഷ്യമാണ്. 1989-ലെ ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ടിന്റെയും ഭരണഘടനയുടെ 22(1) അനുഛേദ ത്തിന്റെയും നഗ്നമായ ലംഘനമാണ് മജിസ്‌ട്രേറ്റ് നടത്തിയിരിക്കുന്നത്.

അതുകൊണ്ട് വളരെ ഗുരുതരമായ കൃത്യവിലോപവും കുറ്റവുമാണ് പ്രസ്തുത  മജിസ്‌ട്രേറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുക്കണം.

ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് കണ്ടെടുത്ത് അന്വേഷിക്കേണ്ടതും അനിവാര്യമാണ്.

നീതിനിര്‍വഹണ സംവിധാനത്തിന് നഷ്ടപ്പെട്ടുപോകുന്ന പ്രതിഛായ വീണ്ടെടുക്കാന്‍ ഇത്തരം അന്വേഷണം മാത്രമാണ് പോംവഴിയെന്നും വി. എസ്. പറഞ്ഞു.

Advertisement