എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ കാര്‍ ഇന്ത്യയിലും
എഡിറ്റര്‍
Friday 7th September 2012 5:49pm

സോളാര്‍ കാര്‍ എന്ന് കേള്‍ക്കാറുണ്ടെങ്കിലും അത് പെട്ടന്നൊന്നും നമ്മുടെ നാട്ടില്‍ എത്തില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദല്‍ഹി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ആദ്യ സോളാര്‍ കാര്‍ രൂപകല്‍പ്പന ചെയ്തതോടെ സൗരോര്‍ജത്തിലോടുന്ന കാറുകള്‍ ഇന്ത്യയി സംഭവിക്കാം എന്നൊരു പ്രതീക്ഷ വന്നിരുന്നു. പക്ഷേ, കുറച്ച് നാളത്തെ ബഹളത്തില്‍ അത് അലിഞ്ഞില്ലാതാവുകയും ചെയ്തിരുന്നു. പിന്നീട് ഇന്നേവരെ സോളാര്‍ കാര്‍ എന്ന കാര്യം ആരും പറഞ്ഞുകേട്ടിട്ടില്ല. അങ്ങനെയിരിക്കേയാണ് ഇന്ത്യയിലെ ആദ്യ സോളാര്‍ കാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വലിയ ബഹളമൊന്നുമില്ലാതെ ഫഌഗ് ഓഫ് ചെയ്തത്.

Ads By Google

രാഷ്ട്രപതി അങ്കണത്തില്‍ വെച്ചായിരുന്നു രാഷ്ട്രപതി രാജ്യത്തിനായി  സോളാര്‍ കാര്‍ സമര്‍പ്പിച്ചത്. പഴയ മേടയില്‍ നിന്ന് തന്നെയാണ് സോളാര്‍ കാറിന്റെ രണ്ടാം വരവ്. ദല്‍ഹി സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ധീരജ് മിശ്രയുടെ നേതൃത്വത്തിലുളള സംഘമാണ് സോളാര്‍ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായി നിര്‍മിച്ചിരിക്കുന്ന കാറില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തീരെയില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 120 കി.മി ആണ് മണിക്കൂറില്‍ കാറിന്റെ പരമാവധി വേഗത. നിലവില്‍ രണ്ട് സീറ്റുകളുളള കാറില്‍  മൂന്ന് സീറ്റുകള്‍ കൂടി ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്.

കാറില്‍ ഘടിപ്പിച്ചിരിക്കുന്ന സൗരോര്‍ജ മൊഡ്യൂളുകള്‍ വഴി 800 വാട്ട് ഊര്‍ജം വരെ ഉപയോഗിക്കാം.സെഡാന്‍ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത് മാറ്റ് ഫൈബര്‍ ഉപയോഗിച്ചാണ്.

ഇന്ത്യയിലെ വാഹനങ്ങളുടെ ഭാവി സൗരോര്‍ജത്തില്‍ അധിഷ്ഠിതമാണെന്നാണ് ചടങ്ങില്‍ വെച്ച് ദല്‍ഹി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി.ബി.ശര്‍മ പറഞ്ഞത്.

സെപ്റ്റംബര്‍ 15 മുതല്‍ 29 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സിസോള്‍ സോളാര്‍ ചലഞ്ചില്‍ ഇന്ത്യയുടെ പുതിയ സോളാര്‍ കാര്‍ പങ്കെടുക്കും.

2011 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന വേള്‍ഡ് സോളാര്‍ ചലഞ്ചില്‍ പങ്കെടുക്കുന്നതിനായാണ് ദല്‍ഹി സര്‍വ്വകലാശാല ആദ്യമായി സോളാര്‍ കാര്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇതില്‍ നിന്നും ലഭിച്ച പ്രചോദനമാണ് സോളാര്‍ കാര്‍ നിര്‍മാണത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ സഹായിച്ചത്.

അന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്താണ് സോളാര്‍ കാര്‍ ഫഌഗ് ഓഫ് ചെയ്തത്. രൂപകല്‍പ്പന ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കാര്‍ നിരത്തിലിറക്കിയതിന്റെ സന്തോഷത്തിലാണ് ദല്‍ഹി സര്‍വ്വകലാശാല.

ഭാവി എന്ന അര്‍ത്ഥം വരുന്ന അവ്‌നീര്‍ എന്നായിരുന്നു സര്‍വ്വകലാശാല ആദ്യ സോളാര്‍ കാറിന് നല്‍കിയിരുന്ന പേര്. സര്‍വ്വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജെ.പി. കേസരിയുടെ നേതൃത്വത്തിലായിരുന്നു അവ്‌നീറിന്റെ രൂപകല്‍പ്പന.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചതില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ സോളാര്‍ കാര്‍ എത്തുന്നത്. ചെറുതല്ലാത്ത പ്രതീക്ഷയാണ് ഇത് രാജ്യത്തിന് നല്‍കുന്നത്. പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് ഇത്തരം സോളാര്‍ കാറുകളുടെ പ്രസക്തി.

Advertisement