ന്യൂദല്‍ഹി: സൊഹറാബുദ്ദിന്‍ ഷെയ്ഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ആദ്യ അന്വേഷണം നടത്തിയ പ്രത്യേക സി ഐ ഡി ഓഫിസര്‍ ഗീത ജോഹരി ഐ പി എസ് സുപ്രിംകോടതിയില്‍ തെറ്റുതിരുത്തല്‍ ഹരജി ഫയല്‍ചെയ്തു. ഗുജറാത്തിലെപ്രധാന രാഷ്ട്രിയ നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ധമുണ്ടായിരുന്നതായി അവര്‍ ഹരജിയില്‍ ആരോപിച്ചു.

അതേസമയം, സി ബി ഐ സ്‌പെഷല്‍ ഡയറക്ടര്‍ സി ബി ഐ ബല്‍വീന്ദര്‍ സിങിനെ കേസിന്റെ മേല്‍നോട്ടത്തില്‍ നിന്നും ഒഴിവാക്കണമെന്നും അവര്‍ സുപ്രിംകോടതിയോടപേക്ഷിച്ചു. തന്റെ അന്വേഷണ കാലത്ത് ബല്‍വീന്ദര്‍ സിങിനെ ചോദ്യം ചെയ്തിരുന്നുവെന്നും ഇദ്ദേഹത്തെ കേസില്‍ സാക്ഷിയാക്കണമെന്നും ജോഹരി തന്റെ ഹരജിയില്‍ വ്യക്തമാക്കുന്നു. ഗീത ജോഹരി കേസ് അന്വേഷിക്കുന്ന കാലത്ത് ഹൈദരാബാദ് പോലിസ് കമ്മീഷണറായിരുന്നു ബല്‍വീന്ദര്‍സിങ്.

സൊഹറാബുദ്ദിന്‍ ഷെയ്ക്കിന്റെയും കൗസര്‍ ബീയുടെയും കൂടെയുണ്ടായിരുന്ന മൂന്നാമന്‍ തുല്‍സിറാം പ്രജാപതിയല്ലെന്നും അത് നയീമുദ്ദീന്‍ എന്ന കലീമുദ്ദിനാണെന്നും ജോഹരി തന്റെ ഹരജിയില്‍ പറയുന്നു.

ഗുജറാത്ത് കലാപകാലത്ത് ആഭ്യന്തരസഹമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡെയെ വധിച്ച കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്നയാളാണ് നയീമുദ്ദീന്‍. സി ബി ഐക്കും ആന്ധ്രാപോലിസിനും വേണ്ടി ചാരപ്പണിചെയ്തിരുന്നയാളായതിനാല്‍ ഇയാളെ സംരക്ഷിക്കാന്‍ നോക്കുകയാണ് ആന്ധ്രാ പോലിസെന്നും ഗീത ജോഹരി ആരോപിച്ചു.