Categories

സൊഹ്‌റാബുദ്ദീന്‍ കേസ്: സാക്ഷി രക്ഷപ്പെട്ടതില്‍ 4 പോലീസുകാര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാന സാക്ഷി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ നാലു പോലീസുകാരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് പോലീസിലെ നാല് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചയുണ്ടായതിന് ഇവരെ സസ്‌പെന്‍ഡ് ചെയ്ത ശേഷമാണ് അറസ്റ്റ്.

വെള്ളിയാഴ്ച രാത്രിയായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാന സാക്ഷികളിലൊരാളായ സില്‍വസ്റ്റര്‍ ഡാനിയേല്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. വഡോദര ജയിലില്‍ നിന്ന് ഉദയപൂരിലെ കോടതിയില്‍ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുവരുമ്പോള്‍ ഇയാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഉദയ്പൂരിനു സമീപത്തു നിന്നു ഇയാളെ പൊലീസ് വീണ്ടും പിടികൂടി. ഇയാളുടെ പക്കല്‍ നിന്നു നിറതോക്ക് പിടിച്ചെടുത്തു.

ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസില്‍ വഡോദര ജയിലിലായിരുന്ന സില്‍വസ്റ്ററിനെ ഹമീദ് ലാല എന്ന ഗുണ്ടയുടെ കൊലക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ നിന്നു ഇവിടെ കൊണ്ടുവന്നപ്പോഴായിരുന്നു രക്ഷപ്പെടല്‍.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന്റെ സുഹൃത്തായിരുന്നു ഡാനിയേല്‍. 2005 നവംബര്‍ 26ന് പൊലീസ് ആസൂത്രണം ചെയ്ത വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീനും പിന്നീട് അയാളുടെ ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ടതിന്റെ നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ക്കറിയാമായിരുന്നു എന്നാണ് കരുതുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.