കോഴിക്കോട്: വി.എസ് അച്യുതാനന്ദനെതിരെ യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മുന്നണിക്ക് തന്നെ തിരിച്ചടിയാവുകയാണെന്ന് സോഷ്യലിസ്റ്റ് ജനത. മുന്നണിയിലെ ചില ഘടകകക്ഷികള്‍ക്ക് നേരെ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്‌

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് പാര്‍ട്ടി ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് ജനതാപാര്‍ട്ടി ചര്‍ച്ച നടത്തിയത്. തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ പ്രസ്താവിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും വീരേന്ദ്രകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.