ന്യൂദല്‍ഹി: 2012 ഫെബ്രുവരി ആറിന് മുന്‍പ് അപകീര്‍ത്തിപരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ 21 വെബ്‌സൈറ്റുകള്‍ക്ക് കോടതി നിര്‍ദേശം. നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് നടപടി.

ദല്‍ഹി മെട്രോപൊലിറ്റന്‍ മജിസ്‌ട്രേറ്റ് സുധീഷ് കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്വര നടപടിയെടുക്കണമെന്നും ജനുവരി 13 ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമന്നും മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.

Subscribe Us:

നേരത്തെ ഒരു സിവില്‍ കേസില്‍  മതവിദ്വേഷം വളര്‍ത്തുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മറ്റൊരു കോടതി  സൈറ്റുകളെ വിലക്കിയിരുന്നു.

‘വായിക്കുകയോ കാണുകയോ ചെയ്യുന്നവരുടെ സ്വഭാവം മോശമാക്കുന്ന അശ്ലീലവും  പൊതുസമൂഹത്തിനെതിരായതും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍ ഇത്തരം സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇത്തരം ഉള്ളടക്കങ്ങള്‍ ഈ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് എല്ലായ്‌പ്പോഴും സൗജന്യമായി ലഭ്യമാണ്. ഈ വ്യക്തികള്‍ 18 വയസിന് താഴെയുള്ളവരാണെങ്കില്‍ പോലും മുതിര്‍ന്നവര്‍ക്ക് ലഭ്യമാകുന്ന എല്ലാം ഇവര്‍ക്കും ലഭിക്കും.’ കോടതി പറഞ്ഞു.

സെക്ഷന്‍ 292, 293, ഐ.പി.സി 120 ബി പ്രകാരം വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകാന്‍ ഈ കമ്പനികള്‍ക്ക് മജിസ്‌ട്രേറ്റ് സമന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകനായ വിനയ് റായ് സമര്‍പ്പിച്ച പരാതിയിന്‍മേലാണ് കോടതി നടപടി. പ്രവാചകനായ മുഹമ്മദ് നബിയെയും ക്രിസ്തുവിനെയും വിവിധ ഹിന്ദുദൈവകളെയും മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങളും ആര്‍ട്ടിക്കിളുകളും ഇത്തരം സൈറ്റുകളിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് റായ് പരാതി നല്‍കിയത്. ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുന്ന ആര്‍ട്ടിക്കിളുകളും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോടതി അറിയിച്ചു.

Malayalam news

Kerala news in English