എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ പൊന്നണ്ണോ ഞങ്ങളൊന്ന് സമാധാനത്തോടെ ജീവിച്ചോട്ടെ’; അര്‍ത്തുങ്കല്‍ പള്ളിയ്‌ക്കെതിരെ വ്യാജ പ്രചരണവുമായെത്തിയ മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല
എഡിറ്റര്‍
Wednesday 23rd August 2017 9:52pm

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലിലെ ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണവുമായി രംഗത്തെത്തിയ ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

‘ഒരു ബാബറി മസ്ജിദ് പൊളിക്കുന്ന ശബ്ദമല്ലേ ആ കേട്ടത്.’ എന്നായിരുന്നു ഒരു കമന്റ്. പൊന്നണ്ണോ ഞങ്ങളിവിടെ സമാധാനത്തോടെ ജീവിച്ചോട്ടെയെന്നാണ് മറ്റൊരാളുടെ കമന്റ്. മോഹന്‍ദാസിന് നെല്ലിക്കാ തളം വെക്കുന്ന ജോലിയാണ് ആദ്യം ചെയ്യേണ്ടതെന്നും തനിക്കൊക്കെ വേറെ പണിയില്ലെടോ ജനങ്ങളെ തമ്മിത്തല്ലിക്കാന്‍ നടക്കുന്നുവെന്നുമാണ് മറ്റൊരാളുടെ കമന്റ്.

സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന തരത്തിലുള്ള കമന്റുകളും മോഹന്‍ദാസിന്റെ ട്വീറ്റിന് ലഭിക്കുന്നുണ്ട്.’ അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടത്’ എന്നായിരുന്നു മോഹന്‍ദാസ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്.

ആലപ്പുഴ രൂപതയുടെ കീഴിലാണ് അര്‍ത്തുങ്കല്‍ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക. അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്നറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപമുണ്ട്.ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തര്‍ പള്ളിയില്‍ വെളുത്തച്ചന്റെ സവിധത്തിലെത്തി മാലയൂരുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മോഹന്‍ദാസ് പള്ളിയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി രംഗത്തുവന്നിരിക്കുന്നത്.


Also Read:  ‘ഒരു ബാബറി മസ്ജിദ് പൊളിക്കുന്ന ശബ്ദമല്ലേ ആ കേട്ടത്’; അര്‍ത്തുങ്കല്‍ പള്ളിയ്‌ക്കെതിരെ വ്യാജ പ്രചരണവുമായെത്തിയ മോഹന്‍ദാസിന് രശ്മി നായരുടെ മറുപടി


അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കിമാറ്റിയതാണെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്. ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുകയും മാലയൂരുകയും ചെയ്യുന്ന വെളുത്തച്ചന്‍ പള്ളിയുടെ പഴയ ശ്രീകോവിലാണെന്നാണ് മോഹന്‍ദാസിന്റെ ‘കണ്ടെത്തല്‍’.

‘എന്നാലും ഹിന്ദുക്കള്‍ ആ ദിശനോക്കി പ്രാര്‍ത്ഥിക്കുന്നു. അതാണ് വെളുത്തച്ചന്‍’ അദ്ദേഹം പറയുന്നു.അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുമെന്നും അവകാശപ്പെട്ടുകൊണ്ടാണ് പള്ളി തിരിച്ചുപിടിക്കാന്‍ അദ്ദേഹം ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത്.

അര്‍ത്തുങ്കല്‍ പള്ളിയുടെ അള്‍ത്താരയുടെ പണിക്കിടയില്‍ പൊളിഞ്ഞു വീണുകൊണ്ടിരുന്നെന്നും ഇതുകണ്ട പരിഭ്രമിച്ച പാതിരിമാന്‍ ജോത്സ്യനെക്കണ്ടെന്നും ജോത്സ്യന്റെ ഉപദേശപ്രകാരം അള്‍ത്താര മാറ്റിസ്ഥാപിച്ചെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്.

 

Advertisement