എഡിറ്റര്‍
എഡിറ്റര്‍
‘പൊട്ടു തൊട്ട് തട്ടമില്ലാതെ നടന്നാല്‍ മുഖത്ത് ആസിഡ് ഒഴിക്കും’; സോഷ്യല്‍ മീഡിയയില്‍ അസ്‌നിയക്കെതിരെ വീണ്ടും ഭീഷണി
എഡിറ്റര്‍
Monday 6th March 2017 6:11pm

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം തട്ടമില്ലാതെ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അസ്‌നിയയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി. നേരത്തെ സമാന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകര്‍ വേട്ടയാടിയ നിയമ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് പരസ്യമായ ആക്രമ ഭീഷണി ഫേസ്ബുക്കിലൂടെ മുഴക്കിയിരിക്കുന്നത്.


Also read മാധവിക്കുട്ടിയുമായി അവഹിതബന്ധമുണ്ടെന്ന പ്രചരണം: ഗ്രീന്‍ബുക്സിനെതിരെ അപകീര്‍ത്തിക്കേസുമായി അബ്ദുല്‍സമദ് സമദാനി 


കഴിഞ്ഞ ഫെബ്രുവരി 16ന് കഥാകൃത്ത് ലാസര്‍ ഷൈന്‍, ഊരാളി ബാന്‍ഡിലെ മാര്‍ട്ടിന്‍ എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ രേഖരാജ് എന്നിവര്‍ക്കൊപ്പം തട്ടമിടാതെ പൊട്ടു തൊട്ടിരിക്കുന്ന ചിത്രം ഫേസ്ബുക്ക് കവര്‍ ചിത്രമാക്കിയതാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കമന്റ് ബോക്‌സിലാണ് അസ്‌നിയയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുമെന്ന് മുനീര്‍ ധീര എന്നയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

‘ഇവള്‍ വേണേല്‍ ഇവളുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ പെറ്റ തള്ളക്കും തന്തക്കും. ഒന്നുമില്ലേല്‍ പിന്നെ നമുക്കെന്താ. പക്ഷെ ഇസ്ലാമിനെതിരെ കുരച്ചാല്‍. ഇവളുടെയൊക്കെ മുഖത്തു ആസിഡ് ഒഴിക്കണം. മുഖം വികൃതമാവുംബ്ബോ. ഇവളുടെ ശരീരം ഒട്ടി നടക്കാന്‍ ആളുണ്ടാകുമോ എന്നറിയാലോ’ എന്നാണ് ചിത്രത്തിന് മുനീറിന്റെ ഭീഷണി സന്ദേശം.

മുനീറിന്റെ കമന്റിനെതിരെ പ്രതികരിച്ചവരോടും അസഭ്യമായ പ്രതികരണങ്ങളാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. നേരത്തെ അസ്‌നിയയുടെ ഉപ്പയും സഹോദരനും അടങ്ങിയ വാട്‌സ്അപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ ഭീഷണി. സഹോദരിയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് തന്റെ സഹോദരനെ ഭീഷണിപ്പെടുത്തിയെന്നു അസ്നിയ ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു. തിയ്യന്മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നു എന്ന പേരില്‍ നാദാപുരത്തെ പ്രാദേശിക വാട്സ്അപ്പ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ വീഡിയോ സന്ദേശം പ്രചരിക്കുന്നതായും അസ്‌നിയ പറഞ്ഞിരുന്നു.

ആദ്യമുയര്‍ന്ന എതിര്‍പ്പുകള്‍ക്ക് പിന്നാലെയാണ് മാര്‍ച്ച് രണ്ടിന് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആസിഡ് ഭീഷണി ഉയരുന്നത്. സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്ന ‘മാഹീത്തെ പെമ്പിള്ളേരെ കണ്ടിക്കാ’ എന്ന ഹിറ്റ് ഗാനം ആലപിച്ചത് അസ്നിയ ആയിരുന്നു. ഗാനം ആലപിച്ച സമയത്തും അസ്‌നിയക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബംഗലൂരുവില്‍ മൂന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയാണ് അസ്നിയ ആഷ്മിന്‍.

Advertisement