എഡിറ്റര്‍
എഡിറ്റര്‍
പിങ്ക് പൊലീസിന്റെ സദാചാരത്തെ ന്യായീകരിക്കുന്ന ജനയുഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
എഡിറ്റര്‍
Wednesday 15th February 2017 6:07pm

 

കോഴിക്കോട്: പ്രണയ ദിനത്തില്‍ ‘പ്രണയത്തിന്റെ ചതികളെക്കുറിച്ച് പ്രണേതാക്കളെ പറഞ്ഞു മനസ്സിലാക്കുന്ന പിങ്ക് പൊലീസ്’ എന്ന ക്യാപ്ഷനില്‍ ചിത്രം പ്രസിദ്ധീകരിച്ച ജനയുഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പത്രത്തില്‍ നല്‍കിയ ചിത്രത്തിന്റെ അടിക്കുറിപ്പാണ് വിമര്‍ശനത്തിന് വിധേയമാകുന്നത്.


Also read ക്രിസ്റ്റ്യന്‍ മാട്രിമോണിയലില്‍ മതം പറഞ്ഞ് വിവാഹ പരസ്യം; തന്റേത് മതേതരകാഴ്ച്ചപ്പാട്, അസംബന്ധ പരസ്യത്തെ കുറിച്ച് അറിയില്ലെന്നും ചിന്താ ജെറോം


യുവതിയും യുവാവും ഒരുമിച്ചിരിക്കുന്നിടത്ത് അവരോട് സംസാരിച്ച് നില്‍ക്കുന്ന പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫീസറുടെ ചിത്രത്തിനു ‘പ്രണയവും നിയമവും’ എന്നതിനോടൊപ്പം ‘ലോക പ്രണയ ദിനമായ ഇന്നലെ എറണാകുളം ചാത്യാത്ത് ഭാഗത്ത് സംസാരിച്ചിരിക്കുന്ന പ്രണേതാക്കളെ പ്രണയത്തിന്റെ ചതികളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ എത്തിയ പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍’ എന്ന അടിക്കുറിപ്പാണ് പത്രം നല്‍കിയിരിക്കുന്നത്. സദാചാര ബോധം തിളച്ചു മറിയുന്ന പത്രം സി.പി.ഐയുടെ മുഖ പത്രം തന്നെയല്ലേ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നത്. സദാചാര പൊലീസ് ചമയുന്ന പിങ്ക് പൊലീസ് നടപടി വിമര്‍ശിക്കുന്നതിനു പകരം പൊലീസിനെ ന്യായീകരിക്കുന്ന പത്രത്തിനെതിരെയാണ് സോഷ്യല്‍ മീഡിയ ശബ്ദമുയര്‍ത്തുന്നത്.

ഒരുമിച്ചിരിക്കുന്ന ആണിനെയും പെണ്ണിനെയും കണ്ട ഫോട്ടോഗ്രാഫര്‍ അവര്‍ പ്രണയിതാക്കളാണെന്ന് ഉറപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യം ഉന്നയിക്കുന്നവരും നിരവധിയാണ്.

പിങ്ക് പൊലീസിന്റേത് സദാചാര പൊലീസിങ്ങ് അല്ലെന്നും അവര്‍ പ്രണയത്തിന്റെ ചതിക്കുഴികളെ കുറിച്ചു ബോധവത്കരിക്കുകയാണെന്നും ഫോട്ടോഗ്രാഫറിനും ക്യാപ്ഷന്‍ എഴുതിയ സബ് എഡിറ്റര്‍ക്കും ആ പേജ് സെറ്റ് ചെയ്ത ന്യൂസ് എഡിറ്റര്‍ക്കും അടക്കം എല്ലാവര്‍ക്കും ഒറ്റ നോട്ടത്തില്‍ ബോധ്യപ്പെട്ടുവല്ലോയെന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച പിങ്ക് പൊലീസ് വിഭാഗം സദാചാര പൊലീസാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പിങ്ക് പൊലീസ് സദാചാര പൊലീസ് ചമയുന്നു എന്നു വ്യക്തമാക്കുന്ന വീഡിയോ ജല്‍ജിത്ത് യുവാവ് ഫേസ് ബുക്കിലൂടെ പുറത്ത് വിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജനയുഗം നല്‍കിയ ചിത്രവും ക്യാപ്ഷനും വിമര്‍ശനത്തിനു വിധേയമാകുന്നത്.

Advertisement