പി വി സൂരജ്

ഭരണാധികാരികളെയും സാധാരണക്കാരെയും ഒരുപോലെ കരയിപ്പിച്ച് കുതിക്കുകയാണ് ഉള്ളിവില. കിലോയക്ക് 90 രൂപവരെ എത്തി എന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്നത്. കുതിക്കുന്ന ഉള്ളിവിലയെ എങ്ങിനെ നിയന്ത്രിക്കണമെന്നറിയാതെ വിയര്‍ക്കുകയാണ് കേന്ദ്രകൃഷിമന്ത്രാലയം. കയറ്റുമതി നിരോധിച്ചും ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളഞ്ഞും വിലയെ നിയന്ത്രിക്കാനാണ് കേന്ദ്രനീക്കം.

ഒരാഴ്ച്ചമുമ്പുവരെ ഉള്ളി കിലോയ്ക്ക് 35-40 രൂപയായിരുന്നു വില. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വില ഇരട്ടിയായി. പ്രധാന ഉള്ളി ഉല്‍പ്പാദകസംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ മഴയിലുണ്ടായ കുറവും വില കുതിക്കാന്‍ ഇടയാക്കി. എന്തായാലും സാധാരണക്കാരന് ആശ്വസിക്കാവുന്ന വാര്‍ത്തകളല്ല കമ്പോളത്തില്‍ നിന്നും ലഭിക്കുന്നത്. സര്‍ക്കാറിന്റെ നടപടികളുടെ ഫലംകാണാന്‍ ഇനിയും മൂന്നാഴ്ച്ചകൂടി കാത്തിരിക്കാനാണ് ഭക്ഷ്യമന്ത്രി ശരദ് പവാറിന്റെ ഉപദേശം.

ഉത്തരേന്ത്യയില്‍ പലപ്പോഴും രാഷ്ട്രീയനേതൃത്വത്തിന്റെ നിലനില്‍പ്പിനെ നിര്‍ണയിക്കുന്ന പ്രധാനഘടകമാണ് ഉള്ളി. സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. ഉള്ളിവില വര്‍ധനവിനോടൊപ്പം ഇന്ധനവിലയും കുതിച്ചതോടെ ദുരിതത്തിലായിരിക്കുയാണ് സാധാരണക്കാര്‍. പലവ്യജ്ഞനങ്ങള്‍ വാങ്ങാനായി കമ്പോളത്തിലെത്തുന്നവര്‍ ഉള്ളിയെ കൈയ്യൊഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്.

എറണാകുളത്ത് 80 മുതല്‍ 85 രൂപവരെയാണ് ഉള്ളി കിലോയുടെ വില. ചില്ലറ വില 90 രൂപവരെയായി ഉയര്‍ന്നിട്ടുണ്ട്. വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിലവര്‍ധിച്ചതോടെ ഉള്ളി വാങ്ങാനാളില്ലാതെ വരികയും കെട്ടിക്കിടക്കുന്ന ഉള്ളി നശിക്കുകയും ചെയ്യും. ഇതോടെ വില വീണ്ടും കുതിക്കും.

ഹോട്ടലുകാരെയാണ് സവാളവില കാര്യമായി ബാധിച്ചിരിക്കുന്നത്. ഏതു വിഭവത്തോടൊപ്പവും പ്ലേറ്റില്‍ നല്‍കിവരാറുള്ള സവാള അരിഞ്ഞത് ഇപ്പോള്‍ ഹോട്ടലിലെത്തുന്നവര്‍ക്ക് ലഭിക്കാറില്ല. ഉള്ളി അവിഭാജ്യഘടകമായ ബിരിയാണി, നെയ്‌ച്ചോര്‍ എന്നിവയുടെ വിലയും വര്‍ധിപ്പിക്കാനാണ് ഹോട്ടലുകാരുടെ തീരുമാനം.

വില കുതിച്ചുകയറിയതോടെ പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രത്തോട് വിവിധ രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഉള്ളി കയറ്റുമതി ചെയ്യുന്ന പ്രവണതായായിരുന്നു. വില വര്‍ധിച്ചതോടെ ഇറക്കുമതിതീരുവ കുറച്ച് അവിടെനിന്നും ഉള്ളി കൊണ്ടുവരേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.

അതിനിടെ ന്യായവിലഷോപ്പുകളിലൂടെയും സപ്ലൈക്കോയിലൂടെയും പരമാവധി വിലകുറച്ച് നല്‍കാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. ഉയരുന്ന ഉള്ളിവിലയ്ക്കനുസരിച്ച് കുടുംബ ബഡ്ജറ്റിനെ എങ്ങിനെ നിയന്ത്രിക്കാം എന്ന വിഷമവൃത്തത്തിലാണ് സാധാരണക്കാര്‍.