ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ ഐ.പി.എല്‍ കളിക്കുന്ന ടീം അംഗങ്ങള്‍ നാട്ടിലേക്കു മടങ്ങുമെന്നു കുമാര സംഗക്കാര. ഇംഗ്ലണ്ട് പര്യടനത്തിനായി മേയ് അവസാനം ടീമിനു പുറപ്പെടണം. നാട്ടിലേക്കു മടങ്ങുന്ന തീയതി സംബന്ധിച്ചു ബോര്‍ഡും ബി.സി.സി.ഐയും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കണമെന്നും സംഗക്കാര പറഞ്ഞു.

നിലവില്‍ എട്ട് ശ്രീലങ്കന്‍ താരങ്ങളാണ് ഐ.പി.എല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നത്. ഇതില്‍ സംഗക്കാര ഡെക്കാന്‍ ചാര്‍ജ്ജേര്‍സിന്റേയും ജയവര്‍ധന കൊച്ചി ടസ്‌കേര്‍സിന്റേയും നായകരാണ്. നഷ്ടമാകുന്ന മല്‍സരത്തില്‍ കളിക്കാര്‍ക്ക് പ്രതിഫലം ലഭിക്കില്ല എന്ന് ഐ.പി.എല്‍ നിയമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ പണമല്ല പ്രശ്‌നമെന്നും പ്രമുഖ താരങ്ങളെ നഷ്ടപ്പെടുന്നത് പ്രകടനത്തെ ബാധിക്കുമെന്നുമാണ് ടീമുകള്‍ പരാതിപ്പെടുന്നത്. അടുത്തമാസം ഇംഗ്ലണ്ടിനെതിരേ തുടങ്ങുന്ന പരമ്പരയ്ക്കായി പരിശീലനം നടത്താന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.