ചെന്നൈ: കോളിവുഡ് പ്രണയജോഡികളായ പ്രസന്നയും സ്നേഹയും മെയ് 11ന് വിവാഹിതരാകും. മെയ് 11ന് രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് മുഹൂര്‍ത്തം. വാനനഗരം അടയാളംപട്ട് എല്‍.ബി.ആര് ഗാര്ഡന് ശ്രീവാരു വെങ്കിടാചലപതി പാലസില്‍വെച്ചാണ് വിവാഹം.
മെയ് 10ന് വൈകിട്ട് ഇവിടെ വിപുലമായ വിവാഹസല്‍ക്കാരവും ഒരുക്കും. ഇരുവീട്ടുകാരുടെയും താത്പര്യം മുന്‍നിര്‍ത്തി തെലുങ്ക് നായിഡു, തമിഴ് ബ്രാഹ്മണ പാരമ്പര്യാചാരപ്രകാരമാകും വിവാഹച്ചടങ്ങുകളെന്ന് താരജോഡികള്‍ അറിയിച്ചു.
ഒന്നരവര്‍ഷം നീണ്ട പ്രണയത്തിന് ശേഷം നാലുമാസം മുമ്പാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.
വിവാഹശേഷവും സ്നേഹ സിനിമാ അഭിനയരംഗത്ത് തുടരണമെന്നതാണ് അഭിപ്രായമെന്ന് പ്രസന്ന പറഞ്ഞു. ഇക്കാര്യം വിവാഹത്തിനുശേഷം ആലോചിച്ചു തീരുമാനിക്കുമെന്നായിരുന്നു സ്നേഹയുടെ പ്രതികരണം. അരുണ്‍ വൈദ്യനാഥന്റെ ‘അച്ചമുണ്ട് അച്ചമുണ്ടി’ ലൂടെ ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിച്ചതില്‍ പിന്നെയാണ് സ്നേഹ പ്രസന്ന പ്രണയം തമിഴ്തിരൈലോകത്ത് കത്തിപ്പടര്‍ന്നത്. പ്രണയവാര്‍ത്തകളെ ആദ്യം നിഷേധിച്ച ഇവര്‍ നാലുമാസം മുമ്പാണ് വിവാഹക്കാര്യം പ്രഖ്യാപിച്ചത്.
അനില്‍ സംവിധാനം ചെയ്ത ‘ഇങ്ങനെ ഒരു നിലാപ്പക്ഷി’ എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹ അഭിനയരംഗത്തെത്തുന്നത്. ആന്ധ്ര സ്വദേശിനിയായ സുഹാസിനി രാജാറാം നായിഡു സിനിമയ്ക്കുവേണ്ടി സ്നേഹയെന്ന് പേര് മാറ്റുകയായിരുന്നു. പ്രശാന്തിന്റെ നായികയായി തമിഴില്‍ ‘വിരുമ്പുകിറേനി’ല്‍ തിളങ്ങിയതോടെയാണ് സ്നേഹ കോളിവുഡില്‍ പ്രശസ്തയായത്.
ആനന്ദം, പാര്‍ത്താലെ പരവശം, പുന്നകെ ദേശം, വസിഗര, പാര്തിപന് കനവ്, ഓട്ടോഗ്രാഫ്, തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങള്‍ സ്നേഹയ്ക്ക് ഏറെ പ്രേക്ഷകസ്വീകാര്യത നേടിക്കൊടുത്തു. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ഇതിനകം സ്നേഹയെത്തേടിയെത്തി.
സംവിധായകന് മണിരത്നം നിര്‍മിച്ച ‘ഫൈവ്സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രസന്നയുടെ അരങ്ങേറ്റം. ‘കാതല്‍ ഡോട്ട് കോം’, ‘അഴകിയ തിയേ’, ‘കസ്തൂരിമാന്‍’, ‘സാധു മിറണ്ടാ’, ‘മുരന്’ തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്നിധ്യം ഉറപ്പിക്കാന്‍ ഈ യുവതാരത്തിനായി.