കൊച്ചി: ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തെ ആക്രമിച്ച കേസില്‍ നാല് എസ് എന്‍ ഡി പി യോഗം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മീനച്ചില്‍ താലൂക്ക് യൂണിയന്‍ യോഗം പ്രവര്‍ത്തകരായ കൊട്ടൂര്‍ വീട്ടില്‍ സജീവ്, കളരിക്കല്‍ വീട്ടില്‍ സുരേഷ്, താണിക്ക തൊടുവീട്ടില്‍ അനീഷ്, പാറക്കല്‍ വീട്ടില്‍ അനീഷ് എന്നിവരാണ് അറസ്റ്റിലായത്.

മറ്റ് പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച എസ് എന്‍ ഡി പി യോഗം റാലിക്കിടെ മദ്യപിച്ചെത്തിയ പ്രവര്‍ത്തകരുടെ ദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയും എറണാകുളം പ്രസ്‌ക്ലബ്ബും അപലപിച്ചു.