കൊച്ചി: കൊച്ചിയില്‍ എസ് എന്‍ ഡി.പി യോഗം സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനവും റാലിയും കാരണം നഗരത്തില്‍ ഗതാഗതതടസം ഉണ്ടാവരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ക്രമസമാധാന പ്രശ്‌നങ്ങളോ, പൊതുമുതല്‍ നഷ്ടമോ ഉണ്ടായാല്‍ എസ് എന്‍ ഡി പിക്കും പോലീസിനുമായിരിക്കും ഉത്തരവാദിത്വമെന്ന് ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

എസ് എന്‍ ഡി പി റാലിയോട് അനുബന്ധിച്ച് കൊച്ചി നഗരത്തിലേക്ക് സ്വകാര്യ ബസുകള്‍ക്ക് പ്രവേശനം നിരോധിച്ചതിനെതിരെ ചീഫ് ജസ്റ്റിസിന് സര്‍പ്പിക്കപ്പെട്ട പരാതി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. പരാതിയെ തുടര്‍ന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ട്രാഫിക് അസി.കമ്മീഷര്‍ എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. രാവിലെ കേസെടുത്ത കോടതി ഉച്ചക്ക് സിറ്റിങ് നടത്തി അടിയന്തിര നിര്‍ദേശം നല്‍കുകയായിരുന്നു. കൊച്ചി നഗരത്തില്‍ ഗതാഗത തടസമില്ലെന്ന് ജനങ്ങളെ അറിയിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.