Administrator
Administrator
ഗദ്ദാഫിയുടെ മകനെ രക്ഷിക്കാന്‍ നീക്കം: ലാവ്‌ലിന്‍ കമ്പനി വിവാദത്തില്‍
Administrator
Saturday 11th February 2012 12:48pm

നിയാമി:ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സാദി ഗദ്ദാഫിയെയും കുടുംബത്തെയും അനധികൃതമായി മെക്‌സിക്കോയിലേക്കു കടത്താന്‍ ലാവ്‌ലിന്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ വിവാദമാകുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് എക്‌സിക്യുട്ടീവുകളെ ലാവ്‌ലിന്‍ കമ്പനി പിരിച്ചുവിട്ടു.

കമ്പനിയുടെ നിര്‍മാണവിഭാഗത്തിലെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും സാമ്പത്തിക ചുമതലയുള്ള വൈസ് പ്രസിജന്റ് സ്റ്റീഫന്‍ റോയിയും ഇനി കമ്പനിയിലുണ്ടാവില്ലെന്ന് എസ്.എന്‍.സി ലാവ്‌ലിന്‍ റിയാദില്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ചാള്‍സ് ചിബലിനെ പുതിയ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായി നിയമിച്ചു. ലിബിയയില്‍ ജയില്‍ നിര്‍മാണം ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ നേരിയെടുക്കാനായി ലാവ്‌ലിന്‍ വര്‍ഷങ്ങളായി സാദി ഗദ്ദാഫിയെ കരുവാക്കിയിരുന്നെന്നും ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലെ ലാവ്‌ലിന്‍ കേസില്‍ കമ്പനിയു അന്നത്തെ ബിസിനസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സി.ബി.ഐ കോടതി പലവട്ടം സമന്‍സ് അയച്ചിട്ടും കമ്പനി കേസുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ ഗദ്ദാഫി വിവാദം കുറേക്കൂടി ശക്തമായ വിവാദമായി മാറിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ പുറത്താക്കി പ്രശ്‌നത്തില്‍ നിന്ന് തലയൂരാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണിത്.

കമ്പനിക്കു ഗദ്ദാഫി കുടുംബം നല്‍കിയ സഹായങ്ങള്‍ക്കു പ്രത്യുപകാരമായാണ് അനധികൃതമായി ഇവര്‍ക്ക് രാജ്യം വിടാനുള്ളസൗകര്യമൊരുക്കാന്‍ ലാവ്‌ലിന്‍ ഉദ്യോഗസ്ഥര്‍ തുനിഞ്ഞത്. പക്ഷേ ശ്രമം വിജയിച്ചില്ല. ഇതിനായി മെക്‌സിക്കോയില്‍ ബന്ധങ്ങളുള്ള സിന്തിയ വാനിയര്‍ എന്ന സ്ത്രീയുടെ സഹായം  തേടിയെന്നായിരുന്നു ആരോപണം. മനുഷ്യക്കടത്തിനുള്ള ഗൂഢാലോചനക്കിടെ സിന്തിയയും മറ്റു മൂന്നുപേരും മെക്‌സിക്കന്‍ പോലീസിന്റെ പിടിയിലാകുമ്പോള്‍ ഒപ്പം സ്റ്റൈഫന്‍ റോയും ഉണ്ടായിരുന്നു. അതിനാലാണു കമ്പനിക്ക് സംഭവം നിഷേധിക്കാന്‍ കഴിയാതെ വന്നത്. ഗദ്ദാഫി കുടുംബത്തിന് ഐക്യരാഷ്ട്ര സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് ഇവര്‍ മനുഷ്യക്കടത്തിന്റെ വഴിതേടിയത്.

ടുണിഷ്യാന്‍ വംശജനായ ബെന്‍ ഐസ്റ്റയ്ക്ക് സാദി ഗദ്ദാഫിയുമായുള്ള അടുപ്പം പ്രയോജനപ്പെടുത്തി ലാവ്‌ലിന്‍ കമ്പനി ലിബിയയില്‍ സഹസ്രകോടികളുടെ കരാര്‍ തരപ്പെടുത്തിയിരുന്നു. 2008ല്‍ സാദി കാനഡയില്‍ മൂന്നുമാസത്തെ സന്ദര്‍ശനം നടത്തിയപ്പോള്‍ ആതിഥേയരായത് ലാവ്‌ലിനാണ്. ലിബിയയില്‍ കലാപസൂചന കണ്ടപ്പോള്‍ സിന്തിയയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂലൈയില്‍ അവിടെയെത്തിയ വസ്തുതാന്വേഷണസംഘത്തിന്റെ ചെലവു വഹിച്ചതും ലാവ്‌ലിനാണ്. വസ്തുതാന്വേഷകര്‍ ഏകകക്ഷീയ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ലാവ്‌ലിന്‍ കമ്പനി അമേരിക്കയുടെയും സംഖ്യസേനയുടെയും കണ്ണിലെ കരടായി.

അതിനിടെ ലിബിയയിലെ പുതിയ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സാദി ഗദ്ദാഫി പറഞ്ഞു. പിതാവിന് അധികാരം നഷ്ടപ്പെട്ടതു മുതല്‍ ലിബിയയുടെ അയല്‍രാജ്യമായ നൈജറില്‍ കഴിയുന്ന സാദി അല്‍-അറേബ്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലിബിയയില്‍ ഭരണത്തിലുള്ള ദേശീയ പരിവര്‍ത്തന സമിതിയില്‍ അടക്കം ഇപ്പോഴും തനിക്ക് അനുയായികള്‍ ഉണ്ടെന്ന് സാദി അവകാശപ്പെട്ടു. ഏതു നിമിഷവും താന്‍ ലിബിയയിലേക്കു മടങ്ങിപ്പോയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്ന പ്രക്ഷോഭമല്ല വരാനിരിക്കുന്നത്. ലിബിയ മുഴുവന്‍ വ്യാപിക്കുന്ന പ്രക്ഷോഭമാവും അത്. നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്ഷോഭം.സൈന്യം, ദേശീയ പരിവര്‍ത്തന സമിതി ഉദ്യോഗസ്ഥര്‍, ഗദ്ദാഫി കുടുംബത്തിലെ മറ്റുള്ളവര്‍ തുടങ്ങിയവരുമായി താന്‍ പതിവായി ആശയവിനിമയം നടത്താറുണ്ടെന്നും സാദി പറഞ്ഞു.

Malayalam news

Kerala news in English

Advertisement