എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്കിന്റെ മൂന്ന് ബില്യണ്‍ ഡോളര്‍ വാഗ്ദാനം നിരസിച്ച് സ്‌നാപ്ചാറ്റ്
എഡിറ്റര്‍
Thursday 14th November 2013 2:45pm

snapchat

ന്യുയോര്‍ക്ക് സിറ്റി: സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലെ പുത്തന്‍ ഉദയമായ സ്‌നാപ്ചാറ്റിനെ സ്വന്തമാക്കണമെന്ന് ഫെയ്‌സ്ബുക്കിന് ഒരാഗ്രഹം. ഒന്നും രണ്ടും രൂപയല്ല 300 കോടിയാണ് വാഗ്ദാനം ചെയ്തത്. എന്നിട്ടും സ്‌നാപ്ചാറ്റ് നിഷ്‌കരുണം വാഗ്ദാനം നിരസിച്ചതായി റിപ്പോര്‍ട്ട്.

എന്നാല്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഇന്റര്‍നെറ്റിലെ ചൈനീസ് ഭീമനായ ടെന്‍സെന്റും സ്‌നാപ്ചാറ്റിനെ നോട്ടമിട്ടിട്ടുണ്ട്.  നാല് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അടുത്ത വര്‍ഷം വരെ കമ്പനിയെ വില്‍ക്കാനോ പുറമെ നിന്ന് നിക്ഷേപം സ്വീകരിക്കാനോ പദ്ധതിയില്ലെന്ന് സ്‌നാപ്ചാറ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവും സ്ഥാപകരില്‍ ഒരാളുമായ ഇവാന്‍ സ്പീഗല്‍ വെളിപ്പെടുത്തി.

യൂസേഴ്‌സിന്റെയും സന്ദേശങ്ങളുടെയും എണ്ണം പരമാവധി വര്‍ദ്ധിപ്പിച്ച് വിലപേശലില്‍ മേല്‍ക്കൈ നേടാനാണ് സ്പീഗലിന്റെ നീക്കം.

മൊബൈല്‍ സന്ദേശമായാലും ഫോട്ടോയായാലും അത് സ്വീകരിക്കുന്നയാള്‍ കണ്ടാലുടനെ സ്വയം ഡിലീറ്റാകും എന്നതാണ് സ്‌നാപ്ചാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

ആപ്പിള്‍ മൊബൈല്‍ ഡിവൈസുകള്‍ക്കായി സ്‌നാപ്കിഡ്‌സ് എന്ന പുതിയൊരു വേര്‍ഷനും അടുത്തിടെ അവതരിപ്പിച്ചിരുന്നു. 13 വയസ്സില്‍ താഴെയുളളവര്‍ക്ക് ചിത്രങ്ങള്‍ വരയ്ക്കാനും ക്യാപ്ഷനുകള്‍ നല്‍കാനുമാണ് ഇതു് പ്രധാനമായും ഉപകാരപ്പെടുന്നത്. ചിത്രങ്ങള്‍ സേവ് ചെയ്യാനല്ലാതെ ഷെയര്‍ ചെയ്യാന്‍ സ്‌നാപ്കിഡ്‌സ് അനുവദിക്കുന്നില്ല.

കുട്ടികളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാണ് ഈ ആപ്ലിക്കേഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫോട്ടോകള്‍ സ്വീകരിച്ച് വെറും പത്ത് സെക്കന്റിനുള്ളില്‍ തന്നെ അവ സ്വയം ഡിലീറ്റാകും എന്നതിനാല്‍ അപകടം പിടിച്ച ഫോട്ടോകള്‍ കൂടുതലായി ഷെയര്‍ ചെയ്യപ്പെടും എന്നതാണ് സ്‌നാപ്ചാറ്റിന്റെ പേരിലുള്ള പ്രധാന ദുഷ്‌പേര്.

കഴിഞ്ഞ വര്‍ഷം 100 മില്യണ്‍ ഫോട്ടോകളാണ് ഷെയര്‍ ചെയ്യപ്പെട്ടതെന്ന് കമ്പനി പറയുന്നു.

കഴിഞ്ഞവര്‍ഷം ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തിരുന്നു. പ്രഖ്യാപിച്ചത് ഒരു ബില്യണ്‍ ഡോളര്‍ ആയിരുന്നെങ്കിലും ക്ലോസ് ചെയ്തത് 747 മില്യണ്‍ ഡോളറിനായിരുന്നു.

സ്‌നാപ്ചാറ്റ് പോലെയുള്ള മൊബൈല്‍ മെസേജിങ് സര്‍വീസുകളുടെ തള്ളിക്കയറ്റത്തില്‍ ചെറുപ്പക്കാരുടെ ഇടയില്‍ ഫെയ്‌സ്ബുക്കിന്റെ അടി തെറ്റിയിരിക്കുകയാണ്.

Advertisement