ലുധിയാന: കള്ളക്കടത്തുകാരന്‍ രാജേഷ് ഭരദ്വാജ് അറസ്റ്റില്‍.  അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകേസിലെ പ്രധാനിയും ലുധിയാന സ്വദേശിയുമായ ഇയാളെ ലുധിയാനയിലെ വസതിയില്‍വെച്ചാണ് കൊച്ചി ഡി.ആര്‍.ഐ യൂണിറ്റ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാനില്‍നിന്ന് കോഴിക്കോട് വഴി ഗള്‍ഫിലേക്ക് മയക്കുമരുന്നു കടത്തിയ കേസില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിവരികയായിരുന്നു.

2008 മാര്‍ച്ചില്‍ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി 11 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് രാജേഷ്.

ഇയാളെ ചോദ്യംചെയ്യുന്നതിലൂടെ ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഇയാള്‍ക്കുള്ള വിദേശബന്ധങ്ങളെക്കുറിച്ചും അറിയാനാവുമെന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു.

പോലീസിനെ അറിയിക്കാതെയാണ് ഡി.ആര്‍.ഐ ഇത്തരമൊരു നീക്കം നടത്തിയത്. കോടീശ്വരനായ രാജേഷിന് പല ഉന്നതരുമായും അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം നിലനില്‍ക്കെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ പോലീസ് താല്‍പര്യം കാണിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പോലീസിനെ അറിയിക്കാതെ ഡി.ആര്‍.ഐ തനിച്ചുനീങ്ങിയത്.

ഇയാളെ അധികൃതര്‍ കൊച്ചിയിലെത്തിച്ചു. ഇന്ന് വടകര കോടതിയില്‍ വിചാരണയ്ക്കായി ഇയാളെ ഹാജരാക്കും.