Administrator
Administrator
മാണി ഗ്രൂപ്പില്‍ എസ്.എം.എസ് വിവാദം
Administrator
Saturday 16th July 2011 11:46am

കോട്ടയം: മന്ത്രി പി.ജെ ജോസഫിന്റെ ഫോണില്‍ നിന്നും യുവതിക്ക് എസ്.എം.എസ് അയച്ചുവെന്ന പരാതിയില്‍ കേരള കോണ്‍ഗ്രസ്സില്‍ വിവാദം. എസ്.എം.എസിന് പിന്നില്‍ പി.സി ജോര്‍ജ്ജ് ആണെന്ന ആരോപണമാണ് പുതിയ വിവാദമുയര്‍ത്തുന്നത്. മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരായപ്പോഴാണ് ഇയാള്‍ ഇക്കാര്യം കോടതിയോട് വെളിപ്പെടുത്തിയത്. ഗൂഢാലോചനയുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോഴാണ് തന്നെ ഈ കേസില്‍ കുടുക്കിയതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു.

പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പി.സി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് കേസിന് പിന്നില്‍ ഗൂഢാലോചന നടത്തിയതെന്ന സാക്ഷിയുടെ വെളിപ്പെടുത്തിയിരിക്കയാണ്. ജോസഫിനെതിരായ ഗൂഡാലോചനയില്‍ പി.സി ജോര്‍ജിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. സംഭവത്തില്‍ ജോര്‍ജിനെതിരെ തെളിവ് ലഭിച്ചാല്‍ പാര്‍ട്ടിയില്‍ നടപടി ആവശ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട സംഭവം പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവന വിവരക്കേടാണെന്ന് നിയമസഭാ ചീഫ് വിപ്പ് പി.സി ജോര്‍ജ് വ്യക്തമാക്കി. തെളിവുകള്‍ക്കായി താന്‍ ശ്രമിക്കുകയോ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.

തൊടുപുഴയിലെ ഒരു യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ പി.സി ജോര്‍ജിന് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Advertisement