കൊച്ചി: എസ്.എം.എസ് വിവാദക്കേസില്‍ ജലസേചന മന്ത്രി പി.ജെ ജോസഫിന് കോടതി സമന്‍സ് അയച്ചു. തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. പരാതിയില്‍ പരിശോധനാര്‍ഹമായ വിഷയമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. പോലീസിനെ നേരിട്ട് കേസ് ഏല്‍പ്പിക്കാതെ നേരിട്ടാണ് കോടതി നടപടിയെടുത്തത്.

തൊടുപുഴയിലെ ഒരു യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതി. വിമാനയാത്രക്കിടയില്‍ ചെന്നൈ നിവാസിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് പി.ജെ ജോസഫിന് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്ന് രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കേസില്‍ ചെന്നൈ കോടതി കുറ്റവിമുക്തനായതോടെ അദ്ദേഹം തിരികെ മന്ത്രിസഭയില്‍ പ്രവേശിക്കുകയായിരുന്നു.

പുതിയ മന്ത്രിസഭയില്‍ പി.ജെ ജോസഫ് അംഗമായ ഉടന്‍ തന്നെയാണ് പുതിയ ആരോപണം ഉയര്‍ന്നത് എന്നത് പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. മാണി ഗ്രൂപ്പിലെ ചില നേതാക്കള്‍ തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ജോസഫിന്റെ മണ്ഡലമായ തൊടുപുഴയിലെ ചെറുതോട്ടുംകര സ്വദേശിനിയാണ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജോസഫിനെതതിരേ ഹരജി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് ആറു മുതല്‍ ലൈംഗികമായ ഉദ്ദേശത്തോടെ ജോസഫ് ഫോണില്‍ സംസാരിച്ചുവെന്നാണ് പരാതി. പൊലീസിനു പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. പൊലീസില്‍ നിന്ന് ഭീഷണിയുണ്ടായി. ജോസഫിന്റെ ഗൂണ്ടകള്‍ തന്നെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

പരാതിക്കാരിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന മാസികയ്ക്കു വേണ്ടി ഇടുക്കി ജില്ലയിലെ എം.എല്‍.എമാരെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ ഭാഗമായി ജോസഫിനെയും വിളിച്ചതുമുതലാണ് പരാതിയുടെ തുടക്കം. ജോസഫിനെ വിളിച്ചത് ഭാര്യയുടെ മൊബൈലില്‍ നിന്നാണ്. മാര്‍ച്ച് ആറിനായിരുന്നു ഇത്. തിരക്കിലായിരുന്ന ജോസഫ് തിരിച്ചുവിളിക്കാമന്നു പറഞ്ഞു. ഇത് ഭാര്യയുടെ മൊബൈല്‍ ആണെന്നും തിരിച്ചു തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നത്രേ. നമ്പറും കൊടുത്തു. എന്നാല്‍ വിളിക്കുന്നതിനു പകരം യുവതിയുടെ ഫോണിലേയ്ക്ക് തുടര്‍ച്ചയായി ജോസഫ് മെസ്സേജ് അയച്ചുവെന്നാണ് പരാതി.

എം.എല്‍.എമാരായ എസ് രാജേന്ദ്രനും ഇ.എസ് ബിജിമോളും ഇടപെട്ടപ്പോഴാണ് പൊലീസിന്റെ ഭീഷണി അവസാനിച്ചത്. പിന്നീട് കഴിഞ്ഞ മാസം നാലിനു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാലക്കാട്ടു പോയി അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പരാതി കൊടുത്തു. തുടര്‍ന്നാണ് കോടതിയില്‍ ഹരജിയുമായി എത്തിയതെന്ന് പരാതിക്കാരി വിശദീകരിക്കുന്നു. അഡ്വക്കേററ് സനല്‍ പി.രാജ് മുഖേന ഈ മാസം 21നാണ് കോടതിയെ സമീപിച്ചത്.