മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കിക്കഴിഞ്ഞു സ്മൃതി മന്ദാന എന്ന സുന്ദരിക്കുട്ടി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും അതിന് മുമ്പത്തെ മത്സരങ്ങളില്‍ നേടിയ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും സ്മൃതിയെ ആരാധകരുടെ പ്രിയ താരമാക്കി മാറ്റിക്കഴിഞ്ഞു. ലുക്ക് മാത്രമല്ല വര്‍ക്കുമുണ്ടെന്ന് തെളിയിച്ച സ്മൃതിയിലൂടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റും കൂടുതല്‍ ജനപ്രീയമാവുകയാണ്.

മന്ദാനയിലൂടെ കൂടുതല്‍ പെണ്‍കുട്ടികളും ക്രിക്കറ്റിലേക്ക് ആകൃഷ്ടരാകുന്നുവുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇവിടെ പറയുന്നത്. ശിവം സിംഗ് എന്നയാളുടെ ട്വിറ്റിലൂടെയാണ് ആ കഥ ലോകം അറിയുന്നത്. ‘ലേഡീസ് ഹൂ ലീഗ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ശിവമിന്റെ അനുഭവം ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്.,

വനിതാ ലോകകപ്പ് ചാനലില്‍ തത്സമയം ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്. അതിന്റെ ഇംപാക്ട് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇന്നലെ നൈക്കിന്റെ സ്റ്റോറില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ കാഴ്ച്ചയില്‍ പത്ത് വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അങ്ങോട്ട് കയറി വന്നു. ഇന്ത്യന്‍ ടീമിന്റെ ജേഴ്സി കസ്റ്റമൈസ് ചെയ്തു കൊടുക്കുമോ എന്നായിരുന്നു അവള്‍ക്കറിയേണ്ടത്.

ഏത് താരത്തിന്റെ പേരിലുള്ള ജേഴ്സിയാണ് വേണ്ടതെന്ന സെയില്‍സ്മാന്റെ ചോദ്യത്തിന് അവളുടെ ഉത്തരം മന്ദാന എന്നായിരുന്നു. സ്മൃതി മന്ദാനയുടെ പേര് പതിപ്പിച്ച ജേഴ്സിയായിരുന്നു അവള്‍ക്ക് വേണ്ടത്. ആ വാക്കുകള്‍ കേട്ട് ഷോപ്പിലുണ്ടായിരുന്നവരും ഞാനും അമ്പരന്നു. കാരണം മറ്റൊന്നുമല്ല, ആദ്യമായിട്ടാണ് അവരും ഞാനുമെല്ലാം ഒരു വനിത താരത്തിന്റെ ജേഴ്സിയ്ക്കായി ഒരാള്‍ അവിടെയെത്തുന്നത്.

ഇതൊരു തുടക്കമാകട്ടെ എന്നാണ് കരുതുന്നത്. ഒരു മാറ്റത്തിന്റേയും വനിതാ താരങ്ങളും അവരുടെ കഴിവു കൊണ്ട് ആരാധകരെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു കാലത്തിന്റേയും തുടക്കം. ‘ഇങ്ങനെയാണ് വനിതാ ക്രിക്കറ്റ് ലോകകപ്പ് ലോകത്തെ മാറ്റുന്നത്’ എന്ന തലക്കെട്ടോടെയാണ് ലേഡീസ് ഹു ലീഗ് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.