എഡിറ്റര്‍
എഡിറ്റര്‍
സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചര്‍ച്ചയാകുന്നു; മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Tuesday 23rd May 2017 11:33pm


ന്യൂദല്‍ഹി: കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രിയും മുന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച മുഴുവന്‍ രേഖകളും ഉടനെ ഹാജരാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. അഹമ്മദ് ഖാന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച രേഖയില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങളാണ് സ്മൃതി സമര്‍പ്പിച്ചത് എന്നാണ് ഹര്‍ജിയിലെ ആരോപണം. 1996-ല്‍ ദല്‍ഹി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സില്‍ നിന്ന് ബി.എ ബിരുദം നേടിയെന്നാണ് 2004-ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്ളത്. എന്നാല്‍ 2011 ജൂലൈയില്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാമൂലത്തില്‍ ദല്‍ഹി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സില്‍ നിന്ന് ബി.കോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയെന്നാണ് സ്മൃതി പറഞ്ഞത്.

ഇത് കൂടാതെ 2014ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാമൂലത്തിലും വൈരുദ്ധ്യമുണ്ട്. ദല്‍ഹി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സില്‍ നിന്ന് ബി.എ ബിരുദം നേടിെന്നാണ് ഈ സത്യവാമൂലത്തില്‍ സ്മൃതി പറഞ്ഞത്.


Also Read: ‘പ്രതികരണത്തോടുള്ള പ്രതികരണത്തോട് ഒരു പ്രതികരണം’; ലിംഗഛേദനം റിപ്പോര്‍ട്ട് ചെയ്തതിനെ വിമര്‍ശിച്ച സ്വരാജിന് വീണ്ടും മറുപടിയുമായി മനോരമ ന്യൂസ് ലേഖകന്‍


മൂന്ന് വ്യത്യസ്ത തെരഞ്ഞെടുപ്പുകളില്‍ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വ്യത്യസ്തങ്ങളായ സത്യവാങ്മൂലങ്ങള്‍ നല്‍കിയെന്നും മൂന്ന് വ്യത്യസ്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് സ്മൃതി സമര്‍പ്പിച്ചത് എന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. നേരത്തേ സ്മൃതി ഇറാനിയെ അനാവശ്യമായി ഉപദ്രവിക്കുകയാണെന്ന് കാണിച്ച് കീഴ്‌ക്കോടതി ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് അഹമ്മദ് ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്മൃതിയ്ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Advertisement