കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ 20 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കാക്കനാട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി പ്രദേശത്ത് രാവിലെ എട്ടേകാലിനായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. ആറായിരം ചതുരശ്രയടി വിസ്തൃതിയിലുള്ള പവലിയന്‍ കെട്ടിടത്തിന്റെ ശിലസ്ഥാപന കര്‍മമാണ് ഇന്ന് നടന്നത്. നാലു മാസത്തിനകം ഇതിന്റെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്മാര്‍ട് സിറ്റിയുടെ വിപണന വിഭാഗം ഓഫിസ് ഈ കെട്ടിടത്തിലാകും പ്രവര്‍ത്തിക്കുക.

Subscribe Us:

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.ബാബു, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ്, ദുബായ് ടീകോം ഗ്രൂപ്പ് സി.ഇ.ഒ, അബ്ദുല്‍ ലത്തീഫ് അല്‍മുല്ല, സ്മാര്‍ട് സിറ്റി കൊച്ചി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ്, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി, എം.എല്‍.എമാരായ കെ.പി ധനപാലന്‍, വി.പി സജീന്ദ്രന്‍, എസ്. ശര്‍മ്മ, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പവലിയന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ആദ്യഘട്ടത്തിലെ പ്രധാന കെട്ടിടങ്ങളിലൊന്നായ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങാനാണ് തീരുമാനം. മൂന്നരലക്ഷം ചതുരശ്രയടിയുള്ള കെട്ടിടമാണ് രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുക.

പദ്ധതിസ്ഥലത്തെ 246 ഏക്കറില്‍ 88 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് പ്ലാന്‍. ഇതിന്റെ 70%വും ഐ.ടി ആവശ്യങ്ങള്‍ക്കായിരിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അന്തിമ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഉദ്ഘാടനച്ചടങ്ങിനു മുന്‍പ് സ്മാര്‍ട് സിറ്റി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തിലാണ് പ്ലാന്‍ അംഗീകരിച്ചത്. സ്മാര്‍ട്ട് സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗം കൂട്ടാന്‍ ഇത് സഹായിക്കും.