തിരുവനന്തപുരം: സ്മാര്‍ട്ടിസിറ്റി വിഷയത്തില്‍ ടീകോമുമായി എം.എ യൂസഫലി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന് പദ്ധതി ചെയര്‍മാന്‍ കൂടിയായ ഫിഷറീസ് മന്ത്രി എസ്.ശര്‍മ. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ മന്ത്രിസഭായോഗം ആരായും. ടീകോമുമായി യൂസഫലി രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പ്രധാനമായും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുക.

ടീകോമുമായി അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ സര്‍ക്കാരാണ് യൂസഫലിയെ മധ്യസ്ഥനായി നിയോഗിച്ചത്. നിലവിലുള്ള കരാറുമായി മുന്നോട്ടുപോകാനാണ് താല്‍പര്യമെന്ന് ടീകോം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭൂമി സ്വയം നിര്‍ണയാവകാശത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്നും ടീകോം വ്യക്തമാക്കിയിരുന്നു. അതേസമയം, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കാനായി മുഖ്യമന്ത്രിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് യൂസഫലി അറിയിച്ചു.

സ്മാര്‍ട്‌സിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ടീകോമിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ അന്ത്യശാസനം കൊണ്ട് കാര്യമില്ലെന്നും പദ്ധതി നടപ്പാക്കണമെങ്കില്‍ കാര്യശേഷിയുള്ളവരെ ദുബൈയിലേക്കണമെന്ന ടീകോമിന്റെ മറുപടിയെ തുടര്‍ന്നാണ് യൂസഫലിയെ മധ്യസ്ഥനാക്കാന്‍ തീരുമാനിച്ചത്.

സ്മാര്‍ട്ടിസിറ്റി പദ്ധതിക്കായി പന്ത്രണ്ടു ശതമാനം ഭൂമിയില്‍ സ്വയം നിര്‍ണയാവകാശം നല്‍കണമെന്ന ടീകോമിന്റെ ആവശ്യത്തിന്‍മേലാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്.