തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ ടീകോമിന് വീണ്ടും കത്തയക്കാന്‍ മന്ത്രിസഭാ തീരുമാനം. സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ആദ്യത്തെ കരാറിന് നേരെ വിരുദ്ധമായാണ് രണ്ടാമത്തെ കരാറിലെ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എന്നീ കാര്യങ്ങള്‍ കത്തില്‍ സൂചിപ്പിക്കും.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവ നേടിയ മലയാളിതാരങ്ങള്‍ക്ക് യഥാക്രമം 10 ലക്ഷം, ഏഴരലക്ഷം, അഞ്ച് ലക്ഷം വീതം നല്‍കും. കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തംമൂലം രോഗബാധിതരായവര്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ആകാശനഗരം പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിച്ചത് സ്വന്തം നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ വിവാദത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭയില്‍ വനിതാപ്രതിനിധികള്‍ക്ക് പ്രത്യേക മുറി നല്‍കാനും മന്ത്രിസഭാ തിരുമാനമെടുത്തു.

മലബാര്‍ മേഖലയിലെ 42 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അനുമതി നല്‍കിയതില്‍ ഏറെയും കാന്തപുരം വിഭാഗത്തിന്റെ സ്‌കൂളുകള്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് തന്നെയാണ്.

കുട്ടനാട് കൃഷിനാശമൂണ്ടായ മേഖലയിലുള്ളവര്‍ക്ക് രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി