കൊച്ചി: സ്മാര്‍ട്ട് സിറ്റിയ്ക്കായി വിട്ടുകൊടുത്ത ഭൂമിയില്‍ കെ.എസ്.ഇ.ബി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറണാകുളം ജില്ലാ കലക്ടര്‍ സ്റ്റേ ചെയ്തു. ഇക്കാര്യമറിയിച്ച് കെ.എസ്.ഇ.ബി.യ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. കൂടാതെ നിര്‍മ്മിച്ച കരിങ്കല്‍ കെട്ടുകള്‍ പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കലക്ടര്‍ കെ.എസ്.ഇ.ബിയ്ക്ക് നോട്ടീസ് നല്‍കി.

സ്മാര്‍ട്ടിസിറ്റി പദ്ധതിയ്ക്കായി ബ്രഹ്മപുരത്തെ കെ.എസ്.ഇ.ബി 220കെവി സബ്‌സ്റ്റേഷനടുത്തുള്ള 100ഏക്കര്‍ സ്ഥലത്തുനടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കലക്ടര്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഈ സ്ഥലം സ്മാര്‍ട്ടിസിറ്റിയ്ക്കായി നല്‍കിയെങ്കിലും പാട്ടക്കരാര്‍ റജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന നിലപാടായിരുന്ന കെ.എസ്.ഇ.ബി സ്വീകരിച്ചിരുന്നത്. എന്നാല്‍ പാട്ടക്കരാര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും കെ.എസ്.ഇ.ബി പാട്ടത്തുക കൈപ്പറ്റിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഇവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭായോഗത്തില്‍ ഇവിടെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

സ്മാര്‍ട്ടിസിറ്റി പദ്ധതിയ്ക്കായി നല്‍കിയ ഈ സ്ഥലം പദ്ധതി വരുന്നില്ലെങ്കില്‍ തിരിച്ചെടുക്കുമെന്ന് വൈദ്യൂതി മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് കെ.എസ്.ഇ.ബി. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. കരിങ്കല്‍ കെട്ടു നിര്‍മാണമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്.