തിരുവനന്തപുരം: സ്മാര്‍ട്‌സിറ്റി പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാറും ടീക്കോമും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. പദ്ധതി സംബന്ധിച്ച് ടീക്കോമുമായുണ്ടാക്കിയ കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗത്തിന് മുമ്പായി ടീക്കോമും സര്‍ക്കാറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത്.

പത്യേക സാമ്പത്തിക മേഖലയിലെ 12 % ഭൂമിയില്‍ വില്‍പനാവകാശം ഇല്ലാതെ സ്വതന്ത്രാവകാശം അനുവദിക്കാമെന്ന സംസ്ഥാനത്തിന്റെ വ്യവസ്ഥ ടീകോം അംഗീകരിച്ചതോടെയാണു പദ്ധതി യാഥാര്‍ഥ്യത്തിമായത്. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്‌ട്രേഷനിലും സംസ്ഥാനം ഇളവ് അനുവദിക്കും. മൂന്നുമാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമാസത്തിനകം റജിസ്‌ട്രേഷന്‍ ഉണ്ടാകും.

ധാരണയിലെത്തിയ രേഖകള്‍ കൈമാറിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട സ്തംഭനങ്ങള്‍ അവസാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടങ്ങള്‍ കഴിയുന്നത്രവേഗം നിര്‍ദ്ദിഷ്ട സ്ഥലത്ത് നിര്‍മ്മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴ്ചകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് സൂചന.

ദുബായ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുല്‍ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ. യൂസഫലിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.