കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ രണ്ടുമാസം കൂടിമാത്രമേ കാത്തിരിക്കാനാകൂ എന്ന് ടീകോം. രണ്ട് മാസത്തിനുശേഷം തുടര്‍നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സ്മാര്‍ട്ട്‌സിറ്റി സി ഇ ഒ ഫരീദ് അബ്ദുറഹിമാന്‍ വ്യക്തമാക്കി.

സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും ധാരണാപത്രത്തിലെ വ്യവസ്ഥകളില്‍ ഒരുതരത്തിലുള്ള പിന്‍മാറ്റത്തിനും തയ്യാറല്ലെന്നും ഫരീദ് അബ്ദുറഹിമാന്‍ വ്യക്തമാക്കി. എം എ യൂസഫലി മധ്യസ്ഥനല്ല. അദ്ദേഹം കേരളസര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി മാത്രമാണ്.

യൂസഫലിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. വിഷയത്തില്‍ രണ്ടുമാസംകൂടി മാത്രമേ കാത്തിരിക്കൂ. ആവശ്യമാണെങ്കില്‍ നിയമപരമായ മാര്‍ഗ്ഗവും തേടുമെന്നും സി ഇ ഒ പറഞ്ഞു. തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ച ആകാമെങ്കിലും തങ്ങള്‍ ഉന്നയിച്ച വ്യവസ്ഥകളില്‍ നിന്ന് പിറകോട്ടുപോകില്ലെന്നും ഫരീദ് അബ്ദുറഹിമാന്‍ വ്യക്തമാക്കി.

സ്മാര്‍ട്‌സിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ടീകോമിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ അന്ത്യശാസനം കൊണ്ട് കാര്യമില്ലെന്നും പദ്ധതി നടപ്പാക്കണമെങ്കില്‍ കാര്യശേഷിയുള്ളവരെ ദുബൈയിലേക്കയക്കണമെന്ന ടീകോമിന്റെ മറുപടിയെ തുടര്‍ന്ന് യൂസഫലിയെ മധ്യസ്ഥനാക്കുകയായിരുന്നു.

സ്മാര്‍ട്ടിസിറ്റി പദ്ധതിക്കായി പന്ത്രണ്ടു ശതമാനം ഭൂമിയില്‍ സ്വയം നിര്‍ണയാവകാശം നല്‍കണമെന്ന ടീകോമിന്റെ ആവശ്യത്തിന്‍മേലാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്‌