കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട പദ്ധതിക്ക് തുടക്കമാകുന്നു. 50 ഏക്കറിലാണ് ആദ്യഘട്ടം വിഭാവനം ചെയ്യുന്നത്. ആറുമാസത്തിനകം ആദ്യഘട്ടത്തിന്റെ നിര്‍മാണം തുടങ്ങുമെന്നും സ്മാര്‍ട്ട് സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് വ്യക്തമാക്കി.

Ads By Google

പുതുക്കിയ മാസ്റ്റര്‍പ്ലാനിന് ഒന്നര മാസത്തിനകം അംഗീകാരം ലഭിക്കും. നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ബിസിനസ്സ് മാര്‍ക്കറ്റിങ് ഈ മാസം തന്നെ ആരംഭിക്കും.

16.2 ദശലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടങ്ങള്‍ ഉയരുക. ഇതില്‍ ഐ.ടി.ഐ.ടി. അനുബന്ധ സേവനങ്ങള്‍ക്കുള്ള നിര്‍മാണപ്രവര്‍ത്തനം എട്ട് ദശലക്ഷം ചതുരശ്രയടി വരും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാകും.

പദ്ധതി പൂര്‍ണമായും കൊച്ചി കേന്ദ്രീകരിച്ചാക്കാന്‍ തീരുമാനമായിട്ടുണ്ട്. സി.ഇ.ഒ. യെ നിയമിക്കുന്നതുവരെ കൊച്ചിയില്‍ പദ്ധതിയുടെ ചുമതല വഹിക്കാന്‍ മാനേജിങ് ഡയറക്ടറെ അധികാരപ്പെടുത്തി.

പദ്ധതി പ്രദേശമായ 246 ഏക്കറിനെ നാല് ക്ലസ്റ്ററായി വിഭജിക്കും. 123 ഏക്കറില്‍ ഐ.ടി. കെട്ടിടങ്ങളും മറ്റും ഉള്‍പ്പെടുന്ന പ്രോസസിങ് സോണായിരിക്കും. ശേഷിക്കുന്ന 123 ഏക്കര്‍ വാണിജ്യാവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കും.

സമീപത്തെ കടമ്പ്രയാറിന്റെ സൗന്ദര്യവും സൗകര്യവും പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പദ്ധതിയുടെ രൂപകല്‍പനയെന്ന് മാസ്റ്റര്‍പ്ലാന്‍ കണ്‍സള്‍ട്ടന്റുമാരായ കാനന്‍ ഡിസൈന്‍സ് വ്യക്തമാക്കി.