തിരുവനന്തപുരം:  കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിലെടുക്കുമെന്ന് മന്ത്രി എസ്.ശര്‍മ്മ.. സ്വതന്ത്രാവകാശ ഭൂമിയെ സംബന്ധിച്ച് ടീക്കോമിന്റെ ഇപ്പോഴത്തെ നിലപാട് അംഗീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

12% ഭൂമിക്ക് സ്വതന്ത്രവില്‍പ്പനകരാര്‍ വേണമെന്ന ആവശ്യത്തില്‍ ടീകോം ഉറച്ചു നില്ക്കുകയാണ്. പലതവണ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ ടീകോമിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.

കൂടാതെ നാളെ സര്‍ക്കാര്‍ നാലാം വര്‍ഷം തികയ്ക്കുകയാണ്. പുതിയൊരു തിരഞ്ഞെടുപ്പ് നേരിടേണ്ട  സാഹചര്യത്തില്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതി എവിടെയെങ്കിലും എത്തിക്കേണ്ടതുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ നാളത്തന്നെ തീരുമാനം ഉണ്ടാകും.

ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച് ടീകോമിന്റെ നിലപാട് വ്യക്തമാക്കുന്ന കത്ത് സര്‍ക്കാറിന് ലഭിച്ചിരുന്നു. ഈ കത്ത് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. നാളത്തെ മന്ത്രിസഭായോഗത്തില്‍ കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെകുറിച്ചുള്ള ചര്‍ച്ച നടക്കും.