കൊച്ചി: സ്മാര്‍ട്ട്‌സിറ്റിയുടെ പാട്ടക്കരാര്‍ ഒപ്പുവെച്ചു. ഐ.ടി സെക്രട്ടറി സുരേഷ് കുമാറും ടീകോം ഇന്‍വെസ്റ്റിമെന്റ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുള്ളയുമാണ് കരാറില്‍ ഒപ്പിട്ടത്. ഇന്‍ഫോപാര്‍ക്കില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗിനുശേഷമാണ് കരാര്‍ ഒപ്പിട്ടത്.

സ്വതന്ത്രാവകാശ ഭൂമിയില്‍ വില്‍പ്പനാവകാശം തടയുന്നതിനുള്ള കര്‍ശനവ്യവസ്ഥകള്‍ പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമി അന്യാധീനപ്പെടുത്തരുതെന്ന് കരാറില്‍ രണ്ടിടത്ത് ചേര്‍ത്തിരിക്കുന്നു. പഴയ രണ്ട് പാട്ടക്കരാര്‍ അസാധുവാക്കി പുതിയ കരാര്‍ രൂപീകരിച്ചിട്ടുണ്ട്.

സെസ് വിഞ്ജാപനം വന്നശേഷമായിരിക്കും സ്മാര്‍ട്ട്‌സിറ്റി നിര്‍മ്മാണപ്രവര്‍ത്തനം നടക്കുക. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ഇതിനകംതന്നെ തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചായിരിക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക. പാട്ടക്കരാര്‍ 16ന് ഒപ്പുവയ്ക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിനാണ് ഇരുകക്ഷികളും തമ്മില്‍ അന്തിമധാരണയിലെത്തിയത്. പത്യേക സാമ്പത്തിക മേഖലയിലെ 12 % ഭൂമിയില്‍ വില്‍പനാവകാശം ഇല്ലാതെ സ്വതന്ത്രാവകാശം അനുവദിക്കാമെന്ന സംസ്ഥാനത്തിന്റെ വ്യവസ്ഥ ടീകോം അംഗീകരിച്ചതോടെയാണു പദ്ധതി യാഥാര്‍ത്ഥ്യമായത്. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്‌ട്രേഷനിലും സംസ്ഥാനം ഇളവ് അനുവദിക്കും.