Categories

ആപ്പിള്‍ ഐഫോണ്‍ 5; ടോപ്പ് 10 ഫീച്ചേര്‍സ്

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങി. പ്രതീക്ഷിച്ചതിലും നിരവധി പ്രത്യേകതകളോടെയാണ് ഐഫോണ്‍ ശ്രേണിയിലെ അഞ്ചാമന്‍ എത്തിയിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ചത് പോലെ സെപ്റ്റംബര്‍ 12 ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ തന്നെയാണ് ഐഫോണ്‍5 അവതരിച്ചത്. ആപ്പിളിന്റെ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോണ്‍ 5 നെ ലോകത്തിന് പരിചയപ്പെടുത്തിയത്. സെപ്റ്റംബര്‍ 21 നാണ് ഐഫോണ്‍ 5 എത്തുക എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പറഞ്ഞ ദിവസം തന്നെ ഐഫോണ്‍ 5 എത്തി. ആപ്പിളിനെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ വമ്പന്‍മാരാക്കുന്നതില്‍ ഐഫോണിനുള്ള പങ്ക് ചെറുതല്ലാത്തതാണ്.

Ads By Google

2007 ല്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്തെത്തുന്ന ആപ്പിള്‍ കുടുംബത്തിലെ ഇളമുറക്കാരനാണ് ഐഫോണ്‍ 5. സാംസങ്ങുമായുള്ള പേറ്റന്റ് യുദ്ധത്തിന് ശേഷം ഇറങ്ങുന്നതാണെന്നും ഐഫോണ്‍ 5 ന്റെ പ്രത്യേകതയാണ്.

ഐഫോണ്‍ 5 പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഫോണിന്റെ രൂപഘടനയെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ വിപണിയില്‍ ചൂട് പിടിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും ഏറെ പ്രത്യേകതകളോടെയാണ് ഐഫോണ്‍ 5 എത്തിയിരിക്കുന്നത് എന്നത് ആപ്പിള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്.

ആപ്പിള്‍ ഐഫോണ്‍ 5 പത്ത് പ്രധാന പ്രത്യേകതകള്‍:
** 4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 5 ന്റെ ഏറ്റവും വലിയ പ്രത്യേകത.

** ഭാരക്കുറവാണ് ഐഫോണ്‍ 5 നെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. 112 ഗ്രാമാണ് ഇതിന്റെ ഭാരം. ഐഫോണ്‍ 4എസ്സിനേക്കാള്‍ ഇരുപത് ശതമാനത്തോളം ഭാരക്കുറവുണ്ട് ഐഫോണ്‍ 5 ന്.

** ഐഫോണ്‍ 4എസിനേക്കാള്‍ പതിനെട്ട് ശതമാനം വണ്ണവും കുറഞ്ഞിട്ടുണ്ട്. 7.6 എം.എം ആണ് ഇതിന്റെ കനം.

** ഇന്നലെ പുറത്തിറങ്ങിയ ഐഒഎസ് 6 സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഐഫോണ്‍ 5 പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ഈ സോഫ്റ്റ് വെയര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. 200 ലധികം പുതിയ ഫീച്ചറുമായാണ് ഐഒഎസ് 6 എത്തുന്നത്.

** 8 മെഗാപിക്‌സല്‍ ക്യമറയുമായി എത്തുന്ന ഐഫോണ്‍ 5ന്റെ ലെന്‍സ് 4എസ്സിന്റേത് തന്നെയാണ്. അതേസമയം, 4ജി എല്‍.ടി.ഇ യാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അരണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങളെടുക്കാവുന്നതാമ് ഐഫോണ്‍ ക്യാമറ.

** പൂര്‍ണമായും ഗ്ലാസും അലൂമിനിയവും ഉപയോഗിച്ചാണ് ഐഫോണ്‍ 5 നിര്‍മിച്ചിരിക്കുന്നത്. ഹോം പേജില്‍ അഞ്ച് നിരയായി ആപ് ഐക്കണുകള്‍ കാണാന്‍ സാധിക്കുമെന്നതും ഐഫോണ്‍ 5 ന്റെ മാത്രം പ്രത്യേകതയാണ്.

** വൈഡ് സ്‌ക്രീന്‍ ടെലിവിഷന് സമാനമായ രീതിയിലാണ് സ്‌ക്രീനിങ് ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ 4എസ്സിനേക്കാളും നാല് മടങ്ങ് വേഗതയില്‍ ഐഫോണ്‍ 5 ല്‍ നിന്നും ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും.

** എ6 ചിപ്പ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ മടങ്ങ് മികച്ച സി.പി.യു, ഗ്രാഫിക്‌സ്, എന്നിവയും ഐഫോണ്‍ 5 ല്‍ മാത്രം.

**പനോരമ മോഡും ഐഫോണ്‍ 5 ല്‍ ലഭ്യമാണ്. ചിത്രം എടുക്കുമ്പോള്‍ തന്നെ വീഡിയോ റെക്കോര്‍ഡിങ്ങും ചെയ്യാവുന്ന രീതിയിലാണ് ഐഫോണ്‍ 5 ന്റെ നിര്‍മാണം.

** വയര്‍ലെസ് ടെക്‌നോളജിയാണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

** സിറി ഉപയോഗിച്ച് ഫേസ്ബുക്ക് അപ്‌ഡേഷന്‍ നടത്താം. 40 മണിക്കൂര്‍ ലഭിക്കുന്ന മ്യൂസിക് പ്ലേയര്‍, 10 മണിക്കൂറുള്ള വീഡിയോ എന്നിവയും ഐഫോണ്‍ 5 ന്റെ മേന്മകളാണ്.

** 326 പിക്‌സല്‍ റെറ്റിന ഡിസ്‌പ്ലേ

കറുപ്പ്, വെള്ള നിറങ്ങളിലാണ് ഐഫോണ്‍ 5 എത്തുന്നത്. വില്‍പ്പനയുടെ ആദ്യ ഘട്ടത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോങ് കോങ്, ജപ്പാന്‍, സിങ്കപ്പൂര്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 21 ഓടെ എത്തും. വെള്ളിയാഴ്ച്ചമുതല്‍ ഐഫോണ്‍ 5 നായി ഓര്‍ഡര്‍ ചെയ്ത് തുടങ്ങാമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 28 ഓടെ ലോകത്തെമ്പാടുമായി ഐഫോണ്‍ 5 എത്തും.