എഡിറ്റര്‍
എഡിറ്റര്‍
തമോഗര്‍ത്തങ്ങള്‍: ചെറുത് തന്നെ ശക്തിമാന്‍
എഡിറ്റര്‍
Friday 29th November 2013 4:10pm

black-hole

വാഷിങ്ടണ്‍: താരതമ്യേന ചെറിയ തമോഗര്‍ത്തങ്ങള്‍ക്കാണത്രേ ആകര്‍ഷണശക്തി കൂടുതല്‍. ചെറിയതെന്ന് പറഞ്ഞാല്‍ തന്നെ നമ്മുടെ സൂര്യന്റെ 20-30 മടങ്ങ് മാസ്സ് ഉണ്ടാകും.

ഇവയ്ക്ക് സമീപത്തുള്ള എന്തിനെയും ആകര്‍ഷിച്ച് അകത്താക്കാന്‍ ഇവയ്ക്ക് അപാരശക്തിയാണ്. ഇത് അസാധ്യം എന്നായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്.

ഏകദേശം 22 മില്യണ്‍ പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ഒരു ഗാലക്‌സിയിലെ തമോഗര്‍ത്തത്തില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന ശക്തമായ എക്‌സ് റേകളെക്കുറിച്ചുള്ള പഠനങ്ങള്‍ അപ്രതീക്ഷിത വിവരങ്ങളാണ് നല്‍കിയത്. പ്രത്യേകിച്ച് ഇവ ദ്രവ്യത്തെ വിഴുങ്ങുന്നത് എങ്ങനെയെന്ന കാര്യത്തില്‍.

ശക്തമായ എക്‌സ് റേകളുടെയും ഊര്‍ജത്തിന്റെയും കേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ഒരു തമോഗര്‍ത്തം അസാധാരണമാം വിധം ലൈറ്റ് വെയിറ്റാണ്. വളരെ കൂടിയ അളവില്‍ പൊടിപടലങ്ങളും വാതകങ്ങളും ഇത് ആകര്‍ഷിച്ചെടുക്കുന്നുണ്ടെങ്കിലും അതിനെല്ലാം കൃത്യമായ ഒരു ക്രമമുണ്ട്. ഇത് ശാസ്ത്രജ്ഞരെ തന്നെ അതിശയിപ്പിക്കുന്നു.

‘വളരെ അതിശയിപ്പിക്കുന്ന ക്രമമാണ് ഇതിനുള്ളത്്.’     ചൈനയിലെ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററീസിലെ സ്റ്റീഫന്‍ ജസ്താം പറയുന്നു.

ഇത്രത്തോളം ഊര്‍ജം പുറത്ത് വിടണമെന്നുണ്ടെങ്കില്‍ ആ തമോഗര്‍ത്തം അതിന് സമീപത്തുള്ള എല്ലാ ദ്രവ്യത്തെയും അതിവേഗം വിഴുങ്ങേണ്ടതാണ്. സമീപത്തുള്ള എന്ന് പറയുമ്പോള്‍ അതിന്റെ ആകര്‍ഷണപരിധിയില്‍ വരുന്നതെല്ലാം.

‘ചെറിയ തമോഗര്‍ത്തങ്ങള്‍ ഇത്തരം പരിമിതികളിലേയ്ക്ക് ഒതുക്കപ്പെടുമ്പോള്‍ ദ്രവ്യത്തെ  ആകര്‍ഷിച്ച് വിഴുങ്ങുന്നതില്‍ ഇത്ര കൃത്യത പാലിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.

ഇത്ര വേഗത്തില്‍ ദ്രവ്യത്തെ വിഴുങ്ങുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. ഞങ്ങളുടെ ചിന്ത തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.’ ജസ്താം പറഞ്ഞു.

നേച്ചര്‍ മാഗസിനിലാണ് ഈ കണ്ടുപിടുത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisement