എഡിറ്റര്‍
എഡിറ്റര്‍
യൂറിയ വിലയില്‍ നേരിയ വര്‍ദ്ധനവ്
എഡിറ്റര്‍
Friday 12th October 2012 1:56pm

ന്യൂദല്‍ഹി: യൂറിയ വളത്തിന്റെ വിലയില്‍ നേരിയ വര്‍ധനവ്. ചില്ലറ വില്‍പനക്കാരുടെ മാര്‍ജിന്‍ കൂട്ടുന്നതിന്റെ ഭാഗമായാണിത്. ടണ്ണിന് 50 രൂപ കൂടി 5360 രൂപയായി വില ഉയര്‍ന്നു.

സബ്‌സിഡി പണമായി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്നതിന് മുന്നോടിയായാണ് ചില്ലറ വില്‍പനക്കാരുടെ മാര്‍ജിന്‍ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2010 ലാണ് യൂറിയയുടെ പരമാവധി ചില്ലറ വില (എംആര്‍പി) അവസാനമായി ഉയര്‍ത്തിയത്. അന്ന് വില 10% കൂട്ടി 5310 രൂപയാക്കിയിരുന്നു. വളത്തിന്റെ സബ്‌സിഡി ലഭ്യമാക്കുന്ന പദ്ധതികള്‍ പരിഷ്‌കരിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.

Ads By Google

ചില്ലറ വില്‍പനക്കാര്‍ നല്‍കുന്ന രസീതിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്ക് വളം സബ്‌സിഡിയുടെ അവസാന ഗഡു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വളം വില്‍പനയെക്കുറിച്ച് നല്‍കുന്ന സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അവസാന ഗഡു അനുവദിച്ചിരുന്നത്. ചില്ലറ വില്‍പനക്കാര്‍ നല്‍കുന്ന രസീതുകള്‍ പരിശോധിക്കാന്‍ മൊബൈല്‍ ഫെര്‍ട്ടിലൈസര്‍ മോണിറ്ററിങ് സിസ്റ്റം, ഫെര്‍ട്ടിലൈസര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും.

യൂറിയയുടെ കൂടിയ വില്‍പന വില നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. കൂടിയ വില്‍പന വിലയും ഉല്‍പാദനച്ചെലവും തമ്മിലുള്ള അന്തരമാണ് കമ്പനികള്‍ക്ക് സബ്‌സിഡി ലഭിക്കുക. വളത്തിലെ ഫോസ്ഫറസ്, പൊട്ടാസ്യം ഘടകങ്ങളുടെ വില നിശ്ചയിക്കുന്നത് കമ്പനികള്‍ തന്നെയാണ്. ഇവയ്ക്കുള്ള സബ്‌സിഡി സര്‍ക്കാര്‍ മുന്‍കൂര്‍ നിശ്ചയിച്ചിട്ടുണ്ട്.

ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ഘടകാധിഷ്ഠിത സബ്‌സിഡിയുടെ 85-90 ശതമാനവും നല്‍കുന്നത്. വളം വിറ്റതായി സ്ഥിരീകരിച്ച ശേഷം ബാക്കി തുക നല്‍കുന്നതിനുള്ള നടപടിക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കര്‍ഷകര്‍ക്ക് വിതരണം ചെയ്ത വളത്തിന്റെ യഥാര്‍ഥ വില്‍പനയെ സംബന്ധിച്ച രസീതുകള്‍ ചില്ലറ വില്‍പനക്കാര്‍ നല്‍കിയാല്‍ മാത്രമേ സബ്‌സിഡിയുടെ അവസാന ഗഡു സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കൂ എന്നതാണ് പദ്ധതിയുടെ സവിശേഷത.

Advertisement