കോഴിക്കോട്: മിഠായിത്തെരുവില്‍ ഇന്നലെയുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍ സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇത് വ്യക്തമാക്കിയത്. ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും പരിശോധന നടത്തുന്നുണ്ട്.

തീപിടുത്തത്തിന്റെ പ്രഭവ കേന്ദ്രമെന്ന് പറയുന്ന കടയിലെ ഫ്യൂസിനും വയറിനും തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം തീപിടുത്തമുണ്ടായ സ്ഥലത്തുനിന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അഗ്‌നിക്കിരയായ കടകളില്‍ ഒന്നുംതന്നെ പടക്കകടകള്‍ ആയിരുന്നില്ല. പടക്കം കണ്ടെത്തിയ കട മുന്‍പ് പടക്കകടയായിരുന്നുവെങ്കിലും 2007 ലെ അഗ്‌നിബാധയെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയതിനല്‍ പടക്കകട ഇവിടെ നിന്നു മാറ്റിയിരുന്നു.

സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തുന്നുണ്ട്.