ന്യൂദല്‍ഹി: പാക്കിസതാനുമായുള്ള ചര്‍ച്ചക്ക് ഇന്ത്യ പൂര്‍ണ്ണമായും തയ്യാറായിരുന്നുവെന്നും മറിച്ചുള്ള ഖുറേഷിയുടെ പ്രസ്താവന ശരിയല്ലെന്നും കൃഷ്ണ പറഞ്ഞു. പാക്കിസ്താനില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തി ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണ.

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടന ഐ എസ് ഐക്ക് പങ്കുണ്ടെന്ന ഹെഡ്‌ലിയുടെ പ്രസ്താവന ഉദ്ധരിച്ചതില്‍ ആഭ്യന്തര സെക്രട്ടറിക്ക് തെറ്റുപറ്റിയില്ലെന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ പറഞ്ഞു. ഹെഡ്‌ലി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് മാത്രമാണ് ജി കെ പിള്ള പറഞ്ഞതെന്നും കൃഷ്ണ അഭിപ്രായപ്പെട്ടു.

ജി കെ പിള്ളയുടെ പ്രസ്താവനയും ഹാഫിസ് സയ്യിദിന്റെ പ്രവൃത്തികളും താരതമ്യം ചെയ്യാവുന്നതല്ല. ഇന്ത്യക്കെതിരേ ജിഹാദിനാണ് സയ്യിദിന്റെ ശ്രമമെന്നും കൃഷ്ണ പറഞ്ഞു. ചര്‍ച്ചയ്ക്കിടയില്‍ തനിക്ക് ഇന്ത്യയില്‍ നിന്നും ഫോണ്‍വന്നുവെന്ന ഖുറേഷിയുടെ ആരോപണം അസാധാരണമാണെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.