മുംബൈ: 2009ല്‍ ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച ‘സ്ലം ഡോഗ് മില്യനെയറിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന മുംബൈ ചേരിയിലെ റുബീന അല്‍ ഖുറേഷിയും അസ്ഹറുദ്ദീന്‍ മുഹമ്മദ് ഷെയ്ക്കും ഹോളിവുഡിലേക്ക്. ഹോളിവുഡ് ഇതിഹാസം ആന്റണി ഹോപ്കിന്‍സിന്റെ ചിത്രത്തിലാണ് റുബീന വേഷമിടുന്നത്.

‘ലോഡ് ഓവന്‍സ് ലേഡി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ നടി രോഹിണി ഹട്ടന്‍ഘടിയും ഈ ചിത്രത്തിലുണ്ട്. ലോഡ് ഓവന്റെ അച്ഛന്‍ വേഷത്തില്‍ ഹോപ്കിന്‍സും ചിത്രത്തിലുണ്ട്.  ഹോപ്കിന്‍സിന്റെ കൊച്ചുമക്കളായാണ് റുബീനയും അസ്ഹറുമെത്തുന്നത്.  സെപ്റ്റംബറില്‍ സിംല, ലണ്ടന്‍, ദുബൈ, വെയില്‍സ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

‘പ്രതിദിനം 78,000 രൂപ നിരക്കില്‍ 21 ദിവസത്തേക്ക് 16.39 ലക്ഷം രൂപയുടെ കരാറില്‍ ഒപ്പുവെച്ചതായി റുബീനയുടെ പിതാവ് ഹഫീഖ് ഖുറൈഷി പറഞ്ഞു. പുതിയ ചിത്രത്തിന്റെ പേരോ സംവിധായകനെക്കുറിച്ചോ റുബീനക്കും പിതാവിനും വലിയ ധാരണയൊന്നുമില്ല. ഹോളിവുഡില്‍ ഹോപ്കിന്‍സിന്റെ സ്ഥാനത്തെക്കുറിച്ചും ഇവര്‍ക്ക് വലിയ അറിവില്ല.

‘സ്ലംഡോഗ് മില്യനെയറി’ല്‍ ലതിക എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവിസ്മരണീയമാക്കിയാണ് റുബീന ചലച്ചിത്രലോകത്ത് പ്രശസ്തയായത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നേടിയ പശ്ചിമ ബാന്ദ്രയിലെ ഫ്‌ളാറ്റിലാണ് റുബീന ഇപ്പോള്‍ താമസം.

Malayalam news

Kerala news in English