ന്യുദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ നേരിയ വര്‍ധന. മെയ് മാസത്തെ നിരക്ക് അനുസരിച്ച് പണപ്പെരുപ്പം 7.55 ശതമാനമാണ്. ഏപ്രില്‍ മാസത്തെ അവലോകന നിരക്ക് 7.23ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ നിരക്ക് 9.56 ശതമാനവും.

ഏപ്രില്‍ മാസത്തെ 10.49 ശതമാനത്തില്‍ നിന്ന് 10.74 ശതമാനമായാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ഭക്ഷ്യവിലക്കയറ്റത്തിലും വര്‍ധനയുണ്ടായി.

പച്ചക്കറി വില 49.43 ശതമാനമായി കുറഞ്ഞുവെങ്കിലും മുട്ട, മത്സ്യം, മാംസം, പാല്‍ എന്നിവയുടെ വിലയില്‍ 17.89 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. മൊത്തം വില സൂചികയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രം 14.3 ശതമാനം സ്വാധീനമുണ്ട്.

ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ കാര്യമായ വര്‍ധനയാണ് ഒരുമാസത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. ഉള്ളി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വില കുറഞ്ഞുവെങ്കിലും ഉരുളക്കിഴങ്ങ്, പരിപ്പ് വര്‍ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെ വില ഉയര്‍ന്നത് മൊത്തം വില സൂചികയെ കാര്യമായി ബാധിച്ചു.